ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാനില്ലാത്തതിനാൽ പത്തുടൺ കപ്പ നൽകി റോയി ആന്റണി

വയനാട്: ദുരിതാശ്വാസനിധിയിലേക്ക് 10 ടൺ കപ്പ സംഭാവന നൽകി കൊണ്ട് വയനാട്ടിലെ ഒരു കർഷകൻ. നൽകാൻ പണമില്ലാത്തതിനാലാണ് പുൽപ്പള്ളി ആലത്തൂർ സ്വദേശിയായ റോയി ആന്റണി കപ്പ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്നാണ് പറയുന്നത്. രാജ്യമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലാണെന്നും അതിനേക്കാളും വലിയ രീതിയിൽ പ്രതിസന്ധികൾ അനുഭവിക്കുന്നവരെ സഹായിക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കപ്പ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യം റോയി കൃഷി മന്ത്രിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫോർട്ടികോർപ്പ് അധികൃതർ കൃഷി സ്ഥലത്തെത്തി കപ്പ ശേഖരിക്കുകയായിരുന്നു. സമൂഹ അടുക്കളയിൽ വേണ്ടുന്നത് എടുത്ത ശേഷം ബാക്കിയുള്ളത് കിട്ടുകളിൽ നിറച്ചു ആളുകൾക്ക് നൽകും. ഇദ്ദേഹം പലതവണയായി മികച്ച കർഷകനുള്ള അവാർഡും നേടിയിട്ടുണ്ട്.