ധനമന്ത്രി തോമസ് ഐസക് തരംതാണപണി കാണിക്കരുതെന്ന് ടിഎൻ പ്രതാപൻ എംപി: മറുപടിയുമായി തോമസ് ഐസക്

കോവിഡ് വൈറസ് വ്യാപന വേളയിൽ സ്വർണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ കക്ഷികൾ സംസ്ഥാനത്ത് നടത്തുന്ന സമരത്തിന്റെ പേരിൽ ധനമന്ത്രി തോമസ് ഐസക്കും തൃശ്ശൂർ എംപി ടിഎൻ പ്രതാപനും തമ്മിലുള്ള വാക്കുതർക്കം കടക്കുകയാണ്. കോവിഡ് വൈറസ് പശ്ചാത്തലത്തിൽ സ്വർണ്ണക്കടത്ത് വിഷയത്തിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരം രോഗവ്യാപനത്തിന് സഹായകമാണെന്ന് ആരോപിച്ചു കൊണ്ടാണ് തോമസ് ഐസക് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ വിവിധ സമരപരിപാടികളുടെ ചിത്രങ്ങളും തോമസ് ഐസക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി എത്തിയ ടി എൻ പ്രതാപൻ എംപി മൂന്നുമാസം മുന്പുള്ള ചിത്രമാണ് തോമസ് ഐസക് നൽകിയിരിക്കുന്നതെന്നും തരംതാണ പണിയാണു ഇതെന്നും ആരോപിച്ചു. എന്നാൽ ഇതിന് വീണ്ടും മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുകയാണ്. സമരത്തെ അല്ല എതിർക്കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പരിപാടികളെയാണ് എതിർക്കുന്നതെന്നും തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം…

പ്രിയപ്പെട്ട ടി.എൻ പ്രതാപൻ,

എന്റെ ഫേസ്ബുക്ക് പോസ്റ്റിന് താങ്കൾ എഴുതിയ പ്രതികരണം വായിച്ചു. കേട്ടറിഞ്ഞ് തപ്പിയെടുത്തതാണ്. മൂവായിരത്തിൽപ്പരം കമന്റുകളിൽ 90 ശതമാനവും കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപവും തെറിയുമാണ്. സാധാരണ ബിജെപിക്കാരാണ് ഇത് സ്ഥിരമായി എന്റെ പോസ്റ്റിൽ ചെയ്യാറ്. സമയം കിട്ടുമെങ്കിൽ താങ്കൾകൂടി അതൊക്കെ ഒന്നു വായിക്കണമെന്ന് എന്റെ അഭ്യർത്ഥനയുണ്ട്. മറ്റുള്ളവരുടെ അറിവിലേയ്ക്കായി താങ്കളുടെ പ്രതികരണം പൂർണ്ണമായും ഉദ്ധരിക്കുകയാണ്.

“പ്രിയ സഖാവ് തോമസ് ഐസക്, താങ്കൾ ഇപ്പോൾ ഇട്ടിരിക്കുന്ന ഈ കൊളാഷിൽ എന്റെയും ചിത്രമുണ്ട്. മെയ് ഒൻപതിന് തൃശൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിന്റേതാണത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി സഹോദരങ്ങൾക്ക് പാസ് അനുവദിക്കാതെ സർവർ ഓഫ് ചെയ്തിട്ട നടപടിയെ ചോദ്യം ചെയ്താണ് ആ പ്രതിഷേധം നടന്നത്. ഇപ്പോഴുള്ള രോഗവ്യാപനത്തിന്റെ ഉത്തരവാദികൾ ഞങ്ങളാണെന്ന് വരുത്തിത്തീർക്കാൻ രണ്ടുമാസം മുൻപുള്ള ഈ ചിത്രം ഉപയോഗിക്കുന്നത് തന്നെ എത്ര തരംതാഴ്ന്ന ഏർപ്പാടാണ്!” എന്റെ വാദം താങ്കൾക്ക് മനസ്സിലായിട്ടില്ലായെന്നു വളരെ വ്യക്തം. പ്രതിഷേധിക്കാനോ സമരം ചെയ്യാനോ ഉള്ള അവകാശത്തെ ഞാനൊരിക്കലും തള്ളിപ്പറയില്ല എന്ന് ആമുഖമായി പറയട്ടെ. എത്ര അസംബന്ധമായ ആവശ്യം ഉന്നയിച്ചും താങ്കൾക്കും പ്രതിപക്ഷത്തിനും പ്രതിഷേധിക്കാം. ഉദാഹരണത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി സഹോദരങ്ങൾക്ക് പാസ് അനുവദിക്കാതെ സർവർ ഓഫ് ചെയ്തിട്ട നടപടിയെന്ന ആക്ഷേപം. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല. എന്നിട്ടും നിങ്ങൾ സമരം ചെയ്തു.

ഞാൻ ചൂണ്ടിക്കാട്ടിയത് സമരം ചെയ്യുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിങ്ങൾ വരുത്തുന്ന വീഴ്ചകൾ എത്രത്തോളം അപകടകരമാണെന്നതാണ്. നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന ചിത്രം നോക്കൂ. ഞാനത് മനപ്പൂർവം തെരഞ്ഞെടുത്തതാണ്. അതിൽ താങ്കളടക്കം മൂന്നു ജനപ്രതിനിധികളെ കാണാം. താങ്കൾ മാസ്കേ വച്ചിട്ടില്ല. മറ്റൊരു ജനപ്രതിനിധി താടിയിലാണ് മാസ്ക് ധരിച്ചിരിക്കുന്നത്. മറ്റൊരാളാകട്ടെ വായുടെയും മൂക്കിന്റെയും താഴേയ്ക്ക് മാസ്ക് താഴ്ത്തിയിട്ടാണ് സംസാരിക്കുന്നത്. മൂന്നുപേരും കോൺഗ്രസ് നേതാക്കളുമാണല്ലോ. ഈ ചിത്രം എന്തു സന്ദേശമാണ് നിങ്ങളുടെ അണികൾക്ക് നൽകുന്നത്?
വേണ്ടി വന്നാൽ സുരക്ഷാ നിർദ്ദേശങ്ങൾ വലിച്ചുകീറി കാറ്റിൽ പറത്തുമെന്ന് ആക്രോശിച്ചത് നിങ്ങളെപ്പോലൊരു ജനപ്രതിനിധിയാണ്, പ്രതാപാ. എന്ത് ഉത്തരവാദിത്തമാണ് അദ്ദേഹത്തിനുള്ളത്? കൊവിഡ് പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് പോലീസുകാരുടെ മെക്കിട്ടു കയറുക, നിങ്ങളുടെ ശരീരസ്രവം അവരിലേയ്ക്ക് തെറിപ്പിക്കുംവിധം അപകടകരമായ അകലത്തിൽ നിന്ന് മുദ്രാവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്യുക, ഇതൊക്കെയല്ലേ സമരമെന്ന പേരിൽ പലയിടത്തും കാട്ടിക്കൂട്ടിയത്. ഹൈക്കോടതിയുടെ നിരോധനം ഇല്ലായിരുന്നുവെങ്കിൽ ഈ പ്രക്ഷോഭങ്ങൾ എവിടെ എത്തുമായിരുന്നു? ഇത്തരം അപകടകരവും നിരുത്തരവാദപരവുമായ നിലപാടുകൾ സമൂഹത്തിൽ രോഗം വ്യാപിക്കുന്നതിന് ഇടയാക്കുംവിധം ചിലരെയെങ്കിലും പ്രതിരോധപ്രവർത്തനങ്ങളിൽ ഉദാസീനരാക്കിയിട്ടുണ്ട്.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

എന്റെ പോസ്റ്റിന്റെ ലക്ഷ്യം നിങ്ങൾ രണ്ടുമാസം മുമ്പ് ചെയ്ത തെറ്റിനെ ഇന്ന് അപലപിക്കുകയല്ല. മറിച്ച്, അന്ന് മുതൽ ഇന്നുവരെ തുടർച്ചയായി കോൺഗ്രസ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രക്ഷോഭങ്ങളും കേരളത്തിലെ കൊവിഡ് വിരുദ്ധ ജാഗ്രതയെ ദുർബലപ്പെടുത്തിയെന്നുള്ളതാണ്. ലോകം വിസ്മയത്തോടെയാണ് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജാഗ്രതയുടെ ഫലമായി മൂന്നു മാസക്കാലത്തിലേറെ സമ്പർക്കവ്യാപനം 10 ശതമാനത്തിൽ താഴെ നിർത്താൻ കഴിഞ്ഞതിനെ നോക്കിക്കണ്ടത്. ഈ ജനകീയ ജാഗ്രതയായിരുന്നു കേരളത്തിന്റെ കരുത്ത്. ഇതിനെ ദുർബലപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിന്റെ സമീപനം വലിയൊരു പങ്കുവഹിച്ചു. ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുന്നില്ല.
നിങ്ങൾ പ്രതിപക്ഷത്താണെങ്കിലും ഇന്നു ഭരണത്തിലുള്ള ഞങ്ങളെപ്പോലെത്തന്നെ നേതാക്കൻമാരാണ്. നിങ്ങളുടെ പ്രവർത്തനം ജനമനസ്സുകളെ സ്വാധീനിക്കും. കൊവിഡ് മാനദണ്ഡങ്ങളെല്ലാം തുടർച്ചയായി ലംഘിച്ചു കോൺഗ്രസ് നേതൃത്വം നടത്തിയ മാസങ്ങൾനീണ്ട പ്രക്ഷോഭം എന്തു സ്വാധീനമാണ് ജനങ്ങളിൽ സൃഷ്ടിക്കുക? ഇത് എന്തുമാകാം എന്നൊരു ചിന്ത ഒരുവിഭാഗം ജനങ്ങളിൽ സൃഷ്ടിച്ചു. ഇത് നിങ്ങളുടെ അണികൾ അടക്കമുള്ളവരിൽ കോവിഡ് പ്രതിരോധത്തോട് അലസത വളർത്തിയിട്ടുണ്ട്. സാമൂഹ്യവ്യാപനത്തിന്റെ പ്രധാനകാരണമായി ആ ജാഗ്രതക്കുറവ് കണക്കിലെടുക്കേണ്ടി വരും.

അതല്ലാതെ സമരം ചെയ്തവരിലാണ് രോഗികൾ ഉണ്ടായതെന്നോ, അതൊരു രോഗവ്യാപനം നടത്താനുള്ള വലിയൊരു ഗൂഡാലോചനയായിരുന്നെന്നോ ഒന്നും ആക്ഷേപിച്ചിട്ടില്ല. നിങ്ങളുമൊന്ന് ആത്മപരിശോധന നടത്തുക. കേരളം ഇന്ന് അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്ന അത്യാപത്തു കാലത്ത് ഇങ്ങനെയാണോ പ്രതിപക്ഷം പെരുമാറേണ്ടത്? ഇന്ന് കേരളം സാമൂഹ്യവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് വഴുതി
നീങ്ങിക്കൊണ്ടിരിക്കുകയാണ്. രോഗികളാവുന്നവർക്കുവേണ്ടി ഒരുലക്ഷം കിടക്കകളെങ്കിലുമുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സ്ഥാപിക്കേണ്ടതുണ്ട്. പ്രാദേശിക കണ്ടെയിൻമെന്റ് സോണുകളിലുള്ളവർക്ക് ഭക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. റിവേഴ്സ് ക്വാറന്റൈനിലുള്ളവർക്ക് ടെലി-മെഡിസിൻ അടക്കമുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് സഹായം നൽകേണ്ടതുണ്ട്. ഇതെല്ലാം കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇതിൽ പങ്കാളിയാവുകയാണ് ഇന്നത്തെ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് തെല്ലെങ്കിലും ബോധ്യമുണ്ടെങ്കിൽ ഒരാൾ ചെയ്യുക. പ്രതികരിച്ചതിനു നന്ദി. നിങ്ങളെ വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നില്ല എന്റെ പോസ്റ്റിന്റെ ലക്ഷ്യമെന്ന് ഒരിക്കൽക്കൂടി പറഞ്ഞുകൊള്ളട്ടെ. (സ്നേഹപൂർവ്വം തോമസ് ഐസക്ക്)

Latest news
POPPULAR NEWS