കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരൻ ദിലീപാണെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. കേസിന്റെ പലഘട്ടങ്ങളിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും സർക്കാർ. ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാരിന്റെ വിശദീകരണം.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിന് പിന്നാലെ കേസിൽ ദിലീപ് ഇടപെട്ടതിന്റെ വിവരങ്ങൾ അക്കമിട്ട് നിരത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണെന്നും പ്രോസിക്യൂഷൻ പറയുന്നു.
ഇപ്പോൾ പുറത്ത്വന്ന വെളിപ്പെടുത്തലുകൾ നടിയെ ആക്രമിച്ച കേസിൽ ദിലീപിനുള്ള പങ്ക് തെളിയിക്കുന്നതാണെന്നും അതേസമയം ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറു മാറിയതായും കൂറുമാറ്റത്തിന് പിന്നിലും ദിലീപാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.