കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചാനൽ ചർച്ച നടത്തിയ റിപ്പോർട്ടർ ചാനൽ എംഡി നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു. കോടതിവിവരങ്ങളും വിചാരണ നടപടികളും ബോധപൂർവ്വം പുറത്ത് വിട്ടതിനാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ചാനലിനും എംഡിക്കും എതിരെ അഞ്ചോളം കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസിൽ നിരവധി വാർത്തകൾ റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടിരുന്നു. കോടതി നടപടികൾ ബോധപൂർവം ചർച്ചയാക്കാൻ ചാനലിന്റെ ഭാഗത്ത് നിന്ന് ശ്രമം നടന്നതായി ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്. അഞ്ച് കേസുകളിലും റിപ്പോർട്ടർ ചാനലിന്റെ എംഡി നികേഷ് കുമാറാണ് ഒന്നാം പ്രതി.
കേരള പോലീസിന്റെ സൈബർ സെൽ വിഭാഗമാണ് കേസെടുത്തത്. 228-എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ ചർച്ചകളും ഓൺലൈനിൽ പബ്ലിഷ് ചെയ്ത വാർത്തകളും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നെന്നാണ് വിവരം. കൊച്ചി സൈബർ സെല്ലാണ് ചാനൽ ചർച്ച നടത്തിയതിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്.