കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള അനുമതി കോടതി നിഷേധിച്ചതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കും. വിചാരണ കോടതിയുടെ നടപടികൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് തിങ്കളാഴ്ച പരിഗണിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് എത്തിച്ച് നൽകിയ വിഐപിയെ തിരിച്ചറിഞ്ഞതായി സൂചന. അന്വേഷണ സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്ന് സംവിധായകൻ ബാലചന്ദ്രകുമാറാണ് വിഐപിയെ തിരിച്ചറിഞ്ഞത്.
കോട്ടയം സ്വദേശിയായ പ്രവാസി മെഹബൂബ് അബ്ദുള്ളയാണ് വിഐപി എന്നുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ദിലീപുമായി ബിസിനസ് ബന്ധം മാത്രമാണുള്ളതെന്നും ഈ പറയുന്ന വിഐപി താനല്ലെന്നും പറഞ്ഞ് മെഹബൂബ് അബ്ദുള്ള രംഗത്തെത്തി.
അന്വേഷണ സംഘം മെഹബൂബ് അബ്ദുള്ളയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ആവശ്യമെങ്കിൽ ശബ്ദ സാമ്പിളുകൾ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. ജനുവരി ഇരുപത്തിനാണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കേണ്ടത്.