നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയ മുഖ്യ സൂത്രധാരൻമാർ ആരാണെന്ന് കണ്ടെത്തി എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള മുഖ്യസൂത്രധാരൻ ആരാണെന്നുള്ളത് കണ്ടെത്തിയെന്ന് എൻ ഐ എ. നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ സൂത്രധാരൻമാർ സന്ദീപ് നായരും കെടി റമീസുമാണെന്ന് കണ്ടെത്തി. സ്വർണക്കടത്തിനു വേണ്ടി പണം മുടക്കുന്നവരെയും സ്വർണത്തിന്റെ ആവശ്യക്കാരേയും കണ്ടെത്തുന്നത് ജലാൽ വഴിയാണെന്ന് എൻ ഐ എ വ്യക്തമാക്കി. മുഹമ്മദ് ഷാഫി, അംജത് അലി തുടങ്ങിയവരാണ് സ്വർണ്ണക്കടത്തിനു വേണ്ടി പണം മുടക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന റമീസിനെ കസ്റ്റഡിയിൽ കിട്ടുന്നതിനുവേണ്ടി എൻഐഎ അപേക്ഷ നാളെ സമർപ്പിക്കും.

യുഎഇയിൽ നിന്നും സ്വർണ്ണം അയച്ച പ്രതി ഫൈസൽ ഫരീദിനെ നാട്ടിൽ എത്തിക്കുന്നതിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനും എൻ ഐ എ തീരുമാനമെടുത്തിട്ടുണ്ട്. ഫൈസലിനു വേണ്ടിയുള്ള തിരച്ചിൽ ഇന്റർപോൾ വഴി നടത്തും. കൂടാതെ കൊച്ചിയിൽ സന്ദീപിന്റെ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയപ്പോൾ കിട്ടിയ ബാഗുകളുടെ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.