നവവധുവിന്റെ അനിയത്തിയുടെ ഫോണിലേക്ക് വന്ന മെസേജ് വഴിത്തിരിവായി ; വിവാഹത്തട്ടിപ്പ് വീരനെ പോലീസ് അറസ്റ്റ് ചെയ്തു

കാക്കനാട് സ്വദേശിനിയായ 22 കാരിയുടെ പരാതിയിൽ വിവാഹത്തട്ടിപ്പ് വീരനെ പോലീസ് അറസ്റ്റ് ചെയ്തു. പച്ചാളം പിടിയേക്കല്‍ വീട്ടില്‍ കെവിന്‍ ജോസഫ് എന്ന 26 കാരനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്. ഇയാൾക്ക് ഒരു ഭാര്യയും കുട്ടിയും ഉണ്ട് എന്ന സത്യം മറച്ചു വെച്ചുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റ് 17നു കാക്കനാട് സ്വദേശിനിയെ വിവാഹം കഴിച്ചു. സ്ത്രീധനമായി 53പവനും 3ലക്ഷം രൂപയും ഇയാൾക്ക് കിട്ടിയിരുന്നു.

വിവാഹത്തിനുശേഷം സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തിയിരുന്ന ഇയാൾക്കു ബിസിനെസ്സ് തുടങ്ങാൻ വീട്ടിൽ നിന്നും പണം ആവശ്യപ്പെടാൻ യുവതിയോട് പറഞ്ഞു. ഇതിനിടയിൽ യുവതിയുടെ സഹോദരിക്ക് ഫേസ്ബുക്ക് വഴി ഇയാൾക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും അതിൽ ഒരു കുട്ടി ഉണ്ടെന്നും അറിയിച്ചു മെസ്സേജ് വന്നു. ഫോട്ടോയും അവരുടെ നമ്പറും സഹിതമായിരുന്നു മെസ്സേജ്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മെസ്സേജിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു തെളിഞ്ഞു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. വര്ഷങ്ങളായി ഫോർട്ട് കൊച്ചിയിലെ ഒരു പെണ്കുട്ടിയുമായും ഇയാൾക്ക് ബന്ധമുണ്ട് എന്നും തെളിഞ്ഞു.