നാട്ടുകാരുടെയും വീട്ടുകാരുടെയും ദേവു ഇനി ഇല്ല: വിശ്വസിക്കാനാവാതെ ഒരു നാട് ഒന്നടങ്കം തേങ്ങുന്നു

കൊല്ലം: ആ നാട്ടുകാരുടെ മനസിലെ പിഞ്ചോമയായിരുന്നു ദേവനന്ദ. എല്ലാവർക്കും ജീവനാണ്. ലാളിത്യം നിറഞ്ഞ സ്വഭാവം.. ആ പുഞ്ചിരിയോടുള്ള നോട്ടം.. എല്ലാം ഇനി ഒരു ഓർമ്മകൾ മാത്രം. അവൾ യാത്രയായി ഓർമ്മകൾ മാത്രം ബാക്കിവെച്ചുകൊണ്ട്. അവൾ പോയതിന്റെ സങ്കടകടലിലാണ് ആ നാട് മുഴുവൻ.. അല്ല.. കേരളമാകെ എന്ന് വേണം പറയാൻ. സ്കൂളിൽ പഠിക്കാൻ മിടുക്കി. പാട്ടു പാടാനാണെങ്കിലും ഡാൻസ് കളിക്കാനാണെങ്കിലും എല്ലാം ഇത്ര ചെറുപ്രായത്തിലേ അവൾ മിടുക്കിയായിരുന്നുവെന്ന് ടീച്ചർമാർ പറയുന്നു.. നാട്ടിലുള്ളവർ പറയുന്നു.

വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നവൾ. ബുധനാഴ്ച സ്കൂളിൽ നടന്ന വാർഷികോൽത്സവത്തിൽ കൃഷ്ണവേഷമണിഞ്ഞു കൊണ്ട് അവൾ നൃത്തമാടിയിരുന്നു. കൂടാതെ സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ പരിപാടിയിലും അവൾ പങ്കെടുത്തിരുന്നു. എല്ലാവർക്കും അവളോട് പ്രത്യേക സ്നേഹം തന്നെയായിരുന്നു. കുട്ടിയെ വീട്ടിലാക്കിയ ശേഷം മാതാവ് തുണി നനയ്ക്കാൻ പോയതായിരുന്നു. എന്നാൽ തിരിച്ചു വരുമ്പോൾ ദേവനന്ദയെ കാണാനില്ല. അയൽപക്കത്തും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Also Read  പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

സോഷ്യൽ മീഡിയയിൽ കുട്ടിയെ കാണാനില്ലെന്ന വാർത്ത പരന്നതോടെ കണ്ടെത്താനുള്ള ദൗത്യം സോഷ്യൽ മീഡിയയും ഏറ്റെടുത്തു. പകലും രാത്രിയുമില്ലാതെയുള്ള അന്വേഷണത്തിനൊടുവിൽ ഇന്ന് രാവിലെ ഏഴരയോടെ ഇത്തിക്കരയാറ്റിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവം അറിഞ്ഞപ്പോൾ നാടുമുഴുവൻ കണ്ണീരിലായി. കുട്ടിയുടെ പിതാവ് ഗൾഫിൽ നിന്നും പുലർച്ചെയാണ് എത്തിയത്. അദ്ദേഹം മരണവിവരമറിഞ്ഞു കുഴഞ്ഞു വീഴുകയും ചെയ്തു.

ദേവനന്ദ കള്ളിക്കുന്നതിനായി മറ്റ് വീടുകളിൽ പോകാറില്ലെന്നും പുറത്തോട്ടും അങ്ങിനെ പോകാറില്ലെന്നുമാണ് വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം പറയുന്നത്. പിന്നെ എങ്ങിനെ ഇത് സംഭവിച്ചു എന്നുള്ള ചോദ്യം ഇപ്പോളും ബാക്കി നിൽക്കുകയാണ്. സംഭവത്തിൽ ദുരൂഹത ഉള്ളതായി തോന്നുന്നുവെന്ന് കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്.