നിക്കർ കഴുകും, മരച്ചീനി ചുടും, വൈറലായി കുട്ടി വ്‌ളോഗർ ശങ്കരൻ

സ്വന്തം യൂട്യൂബ് ചാനലിലൂടെ നിക്കർ കഴുകാൻ പഠിപ്പിച്ചു വൈറലായ കുട്ടി യൗറ്റുബെർ ആണ് നാലാം ക്ലാസ്സുകാരനാണ് ശങ്കരൻ. തേങ്ങ ചിരകലും ഉണക്കമീന്‍ ഗ്രില്ലുചെയ്യലും മരച്ചീനി ചുടലുമായിരുന്നു ശങ്കരന്റെ യൂട്യൂബ് വിഡിയോകൾ. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്‌തു കൊച്ചു പയ്യൻ രണ്ടാഴ്ച കൊണ്ട് നേടിയെടുത്തത് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെ. യൂട്യൂബിൽ ഇട്ട 5 വിഡിയോകളും ഹിറ്റായതോടെ തന്റെ പുതിയ ട്രാവൽ വ്ലോഗുമായി എത്തിയിരിക്കുകയാണ് ശങ്കരൻ. തൊട്ടടുത്തുള്ള കടയിലേക്ക് പഞ്ചസാരയും മുറുക്കും വാങ്ങാൻ പോകുന്നതിന്റെ വിഡിയോ ആണ് ട്രാവൽ വ്ലോഗിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്‌.

അയൽവാസികളായ ചേട്ടന്മാരുടെ ഫോണിൽ സ്ഥിരമായി യൂട്യൂബ് കാണാറുള്ള ശങ്കരൻ തനിക്കും അതുപോലെ ഒന്ന് തുടങ്ങണം എന്ന് ആഗ്രഹവുമായി ചേട്ടന്മാരെ സമീപിച്ചു. ഒരു നിക്കറും സോപ്പും കൊണ്ട് എങ്ങനെ എളുപ്പത്തിൽ നിക്കർ കഴുകാം എന്നായിരുന്നു ശങ്കരൻ ചെയ്തത്. എന്നാൽ തമാശയ്ക്കാണ് ചേട്ടന്മാർ വിഡിയോ ഷൂട്ട്‌ ചെയ്തത്. പക്ഷെ ശങ്കരന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉള്ള അവതരണം കാരണം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. സംഭവം വൈറലായതോടെ നടന്‍ കാളിദാസ് ജയറാമും, സംവിധായകന്‍ ആഷിക് അബുവുമെല്ലാം ശങ്കരന്റെ വീഡിയോകള്‍ കണ്ട് കമന്റും ഷെയറും ചെയ്തു.

മുന്‍നിര വ്ലോഗര്‍മാര്‍, അധ്യാപകരും സുഹൃത്തുക്കളും ശങ്കരന് പ്രോത്സാഹനവുമായെത്തി. എല്ലാ വിഡിയോകളിലും സഹായത്തിനായി സഹോദരിയും ഒപ്പമുണ്ട്. പത്തുവര്‍ഷമായി വാടക വീടുകള്‍ മാറി താമസിക്കുന്നവരാണ് ശങ്കരന്റെ കുടുംബം. പുതിയ വാടകവീട്ടില്‍ എത്തിയിട്ട് രണ്ടാഴ്ചയേയായുള്ളൂ. വെല്‍ഡിംഗ് പണിക്കാരനായ അച്ഛന്‍ കണ്ണനും അമ്മ ബിന്ദുവും മകന്റെ പ്രകടനത്തിന് പിന്തുണയുമായുണ്ട്.