നേതാക്കൾ കാണിക്കുന്നത് തന്നെയാണ് അണികളും കാണിക്കുന്നത് ; അധിക്ഷേപം നേരിട്ടതിനെ കുറിച്ച് നിഷ പറയുന്നു

മാധ്യമങ്ങളോട് ഭരണാധികാരികൾ സ്വീകരിക്കുന്ന അതേ സമീപനം തന്നെയാണ് അണികളുടെ പ്രവർത്തികളിൽനിന്നും പ്രകടമാകുന്നതെന്ന് തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചുകൊണ്ട് മാധ്യമ പ്രവർത്തകയായ നിഷ പുരുഷോത്തമൻ. ഏകാധിപതികളായിട്ടുള്ള ആളുകളുടെ അനുഭവങ്ങളെല്ലാം അങ്ങനെ തന്നെയായിരിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ കുറെ കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളോട് പ്രതികരിച്ചുകൊണ്ട് മനോരമ ന്യൂസ് ചാനലിലെ അവതാരികയായ നിഷ പുരുഷോത്തമൻ സംസാരിക്കുകയായിരുന്നു. കാലങ്ങളായി തനിക്കെതിരെ സിപിഎം സൈബർ പോരാളികൾ വ്യക്തിപരമായ അധിക്ഷേപം നടത്തി വരികയാണ്. ഇതിനെതിരെ നിയമനടപടികൾ കൈക്കൊള്ളുന്നതിനായി മുന്നോട്ട് പോകുമെന്നും നിഷ വ്യക്തമാക്കി. നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുമായി സധൈര്യം മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം എടുത്തിട്ടുള്ളത്. സൈബർ ആക്രമണങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ പാർട്ടിയും ആത്മപരിശോധന നടത്തണമെന്നും നിഷ സൂചിപ്പിച്ചു.

സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ ഭരണത്തിലിരുന്നപ്പോൾ കോൺഗ്രസിന്റെ നിലപാടുകളെയും ഇതേരീതിയിൽ തന്നെ വിമർശിച്ചിരുന്നു. മാധ്യമ പ്രവർത്തകയെന്ന നിലയിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും ബിജെപിയെയും എല്ലാ പാർട്ടികളെയും വിമർശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ എല്ലാ പാർട്ടികളും ചോദിക്കാറുമുണ്ട്. എന്നിട്ടും എന്തിനാണ് സിപിഎം ചില ലക്ഷ്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട് കാലങ്ങളായി ഹേറ്റ് ക്യാമ്പ് നടത്തി വരുന്നതെന്നുള്ള കാര്യം മനസ്സിലാകുന്നില്ലെന്നും നിഷ പുരുഷോത്തമൻ പറഞ്ഞു. രാജ്യത്തെ ഏതൊരു പൗരനും ഏതൊരു സ്ത്രീക്കും ലഭിക്കാവുന്ന നിയമപരിരക്ഷ തനിക്കും ലഭിക്കണമെന്നും അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളെ നിയമപരമായി നേരിടുമെന്നതിനപ്പുറം ഒന്നുംതന്നെ തനിക്ക് പറയാനില്ല. കഴിഞ്ഞ ദിവസം വാർത്ത അവതരണത്തിൽ ഇടുക്കിഡാം ഉൾപ്പെടെയുള്ള അഞ്ച് ഡാമുകൾ “തുറന്നു” എന്നതിനു പകരം “തകർന്നു” എന്ന് തെറ്റായി വായിച്ചതിന് സമൂഹ മാധ്യമത്തിലൂടെ നിഷ പുരുഷോത്തമനെതിരെ ഇടത് സൈബർ പോരാളികൾ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി മുന്നോട്ടു വന്നിരുന്നു. ഇതേ രീതിയിൽ ദേശാഭിമാനി പത്രത്തിലെ ഒരു ജീവനക്കാരനും നിഷയ്ക്കെതിരെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപവുമായി രംഗത്തെത്തിയതോടെയാണ് മാധ്യമപ്രവർത്തകർക്കെതിരെയുള്ള കടന്നാക്രമണം മറ്റുചാനലുകളും ഏറ്റെടുക്കുന്നത്

Also Read  ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും