പഞ്ചായത്ത് ഓഫീസിനും ജീവനക്കാർക്കും നേരെ ആക്രമണം നാലുപേർ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരാർ ജീവനക്കാരനായ രാജൻ, ആന്റണി, മുത്തുകുമാർ, വിജയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കണ്ടെത്താനുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി കഴിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിന് നേരെ ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി അടക്കം അഞ്ച് സ്റ്റാഫുകൾക്ക് പരിക്കേറ്റു. രണ്ടു ജീവനക്കാരുടെ കൈയൊടിയുകയും ചെയ്തു.

ഭിന്നശേഷിക്കാരനായ സെക്രട്ടറിക്കും പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയതിനു പിന്നിൽ സൂര്യനെല്ലി സ്വദേശിയായ ഗോപിയെന്ന കോൺട്രാക്ടറും സംഘവുമാണെന്നാണ് പഞ്ചായത്ത് അധികൃതർ ആരോപിക്കുന്നത്. ചിന്നക്കനാൽ വില്ലേജ് ഓഫീസിന് സമീപത്തായി നിർമ്മിക്കുന്ന ഇയാളുടെ കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയതിന്റെ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.