തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പെൺകുട്ടികൾ പഠനകാര്യത്തിൽ ഒന്നാമതെന്ന് സർവ്വേ റിപ്പോർട്ട്. കേരളത്തിലെ 99.5% പെൺകുട്ടികളും പ്ലസ് ടു വരെ പഠിക്കുന്നുണ്ട്. ശേഷം ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും മറ്റു പ്രൊഫെഷണൽ കോഴ്‌സുകൾക്കും പോകുന്ന കാര്യത്തിലും കേരളത്തിലെ പെൺകുട്ടികൾ മുൻപന്തിയിലാണ്. നാഷണൽ സാമ്പിൾ സർവ്വേയുടെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിൽ മൊത്തത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസകണക്ക് 77.5% മാണ്. മറ്റു ഭൂരിഭാഗം സംസ്ഥാനങ്ങളിലും പെൺകുട്ടികളെ പഠനം പൂർത്തീകരിക്കുന്നതിന് മുൻപേ വിവാഹം കഴിപ്പിച്ചു വിടുന്നു. എന്നാൽ കേരളത്തിൽ ഇത്തരം സാഹചര്യങ്ങൾ വളരെയധികം കുറവാണ്. കേരളത്തിൽ പ്രീ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്നത് 60% ത്തോളം പെൺകുട്ടികളാണ്. എന്നാൽ ഇന്ത്യയുടെ മൊത്തത്തിലുള്ള കണക്കിൽ വെറും 32.1% മാത്രം പെൺകുട്ടികളെയുള്ളൂ. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റെഷൻ മന്ത്രാലയത്തിന്റെ സർവേയിലാണ് ഇക്കാര്യം പറയുന്നത്.