തൃശൂർ : പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. തൃശൂർ സ്വദേശി വിജീഷ് (19) നെതിരെയാണ് പോലീസ് കേസെടുത്തത്. വിദ്യാർത്ഥിയുടെ മാതാവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
കഞ്ചാവ് ബീഡിയിൽ നിറച്ച് വലിച്ചാൽ നല്ല സുഖം കിട്ടുമെന്നും പറന്ന് നടക്കാമെന്നും പറഞ്ഞാണ് പതിനഞ്ച് വയസുകാരനെ കൊണ്ട് വിജീഷ് കഞ്ചാവ് നിർബന്ധിച്ച് വലിപ്പിച്ചത്. കഞ്ചാവ് വലിച്ചതിനെ തുടർന്ന് കുഴഞ്ഞ് വീണ വിദ്യാർത്ഥി അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത മകനെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചെന്ന മാതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവ സ്ഥലത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.