പത്ത് കോടി രൂപയുമായി മലയാളി അധ്യാപകൻ റിയാദിൽ നിന്നും മുങ്ങിയതായി പരാതി

റിയാദ് : പത്ത് കോടി രൂപയുമായി മലയാളി അധ്യാപകൻ റിയാദിൽ നിന്നും മുങ്ങിയതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പ് മൊയ്തീന്റെ മകൻ അൽത്താഫാണ് നിരവധിപേരിൽ നിന്നും ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങിയത്. എൺപതോളം പേരിൽ നിന്ന് പലതവണയായാണ് അൽതാഫ് പണം വാങ്ങിയത്. പത്ത് കോടി രൂപ ഇത്തരത്തിൽ അൽതാഫ് തട്ടിയെടുത്തെന്ന് പണം നഷ്ടമായവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അൽത്താഫിനെതിരെ റിയാദ് ഇന്ത്യൻ എംബസിയിലും നോർക്കയിലും പരാതി നൽകിയതിന് പുറമെ ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. റിയാദിലെ ബിൻലാദൻ കമ്പനിയിൽ ആറു വർഷം അൽത്താഫ് ജോലി ചെയ്തിരുന്നു. മൂന്ന് വർഷത്തോളമായി റിയാദിലെ സ്വകര്യ സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ബിൻലാദൻ കമ്പനിയിൽ കൂടെ ജോലി ചെയ്തവരിൽ നിന്നാണ് അൽത്താഫ് ബിസിനസിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്.

അൽത്താഫുമായി സൗഹൃദത്തിലായിരുന്നു കുറച്ച് നേഴ്സ്മാരും ബാങ്കുകളിൽ നിന്നും വായ്പ എടുത്ത് അൽത്താഫിന് നൽകിയിട്ടുണ്ട്. ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം നൽകാമെന്നും അതിൽ നിന്നും ലോൺ അടച്ച് തീർക്കാമെന്നും പറഞ്ഞാണ് അവരെക്കൊണ്ട് ലോൺ എടുപ്പിച്ചതെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു. എൺപത് പേരിൽ പലരോടും പല ബിസിനസുകൾ കുറിച്ചാണ് അൽത്താഫ് പറഞ്ഞിരുന്നത്. ചിലരോട് ചോക്ലേറ്റ് ഇറക്കുമതിയാണെന്നും മറ്റ് ചിലരോട് ചിട്ടി ആണെന്നുമാണ് പറഞ്ഞിരുന്നത്. ഇതിൽ ചിലർക്ക് ലാഭ വിഹിതമാണെന്ന് പറഞ്ഞ് ചെറിയ തുക തിരിച്ച് നൽകുകയും ചെയ്തിരുന്നു.

  രാഷ്ട്രീയ എതിരാളികൾക്ക് നേരെ സിപിഎം പ്രവർത്തകർ നടത്തുന്ന തെറിവിളി ഉപേക്ഷിക്കണമെന്ന് നേതൃത്വം

എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന അൽതാഫ് അതീവ രഹസ്യമായാണ് പണം വാങ്ങിയത്. അൽത്താഫിനെ കാണാതായതോടെയാണ് സുഹൃത്തുക്കൾ പരസപരം പണം നഷ്ടപെട്ട വിവരം പറയുന്നത്. സ്വന്തം അകൗണ്ട് വിവരങ്ങൾ നൽകാതെ മറ്റുള്ളവരുടെ അകൗണ്ട് മുഖേനയാണ് പണം സ്വീകരിച്ചത്. ഒന്നര മാസം മുൻപ് ഭാര്യയുടെ അമ്മയ്ക്ക് സുഖമില്ലെന്നും അവരെ എയർപോർട്ടിൽ വിടാൻ പോകുന്നു എന്നും പറഞ്ഞാണ് പോയത് പിന്നെ അൽത്താഫിനെ ആരും കണ്ടിട്ടില്ല. നാട്ടിൽ അന്വേഷിച്ചപ്പോൾ ആർക്കും അസുഖം ഇല്ലെന്നും അവർ നാട്ടിൽ എത്തിയില്ലെന്നും മനസിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌കൂളിൽ നിന്ന് ഒരാഴ്ച ലീവ് എടുത്തതായാണ് അറിയാൻ കഴിഞ്ഞത്.

അതേസമയം അൽത്താഫിന്റെ വീട്ടുകാരോട് അന്വേഷിച്ചപ്പോൾ പതിമൂന്ന് വർഷമായി ബന്ധമൊന്നും ഇല്ലെന്നാണ് അവർ പറഞ്ഞത്. പക്ഷെ 2019ൽ അൽതാഫ് മാതാപിതാക്കളെ സന്ദർശക വിസയിൽ റിയാദിൽ കൊണ്ട് വന്ന് താമസിപ്പിച്ചിരുന്നു. ഭാര്യയെയും കുട്ടികളെയും കൊണ്ടാണ് അൽതാഫ് മുങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ എത്തിയതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയും കോഴിക്കോടുള്ള വീട്ടിൽ എത്തിയിട്ടില്ല. മുംബൈയിൽ ഒളിവിൽ കഴിയുകയാണെന്നാണ് നിഗമനം എന്നും വാർത്താസമ്മേളനത്തിൽ തട്ടിപ്പിന് ഇരയായവർ പറഞ്ഞു.

Latest news
POPPULAR NEWS