പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനം വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടുകയാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിൽ എസ് എസ് എൽ സി ഹയർസെക്കണ്ടറി പരീക്ഷ നടത്താനുള്ള സർക്കാരിന്റെ തീരുമാനം ധിക്കാരപരവും ആപൽക്കരവുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിലവിലെ സാഹചര്യത്തിൽ കുട്ടികൾ എങ്ങിനെ സ്കൂളിൽ എത്തുമെന്നുള്ള കാര്യം സർക്കാർ ചിന്തിക്കേണ്ടതായിരുന്നുവെന്നും നിരവധി വീടുകളിൽ ഹോം ക്വറെന്റിനിൽ കഴിയുന്നവർ ഉണ്ടെന്നും അത്തരം വീടുകളിൽ നിന്നുപോലും കുട്ടികൾ പരീക്ഷയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ കുട്ടികളുടെ ജീവൻ വെച്ച് പന്താടരുതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും. കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികൾ എങ്ങനെ സ്ക്കൂളുകളിൽ എത്തുമെന്ന് സർക്കാർ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകൾ ഹോം ക്വോറന്റൈനിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ അത്തരം വീടുകളിൽ നിന്നു പോലും കുട്ടികൾ പരീക്ഷയ്ക്കെത്തും. സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങളൊരുക്കിയും പരീക്ഷ നടത്താൻ ഒട്ടേറെ പരിമിതികളുണ്ട്. പിണറായി വിജയൻ ദുരഭിമാനം വെടിയണം. വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്. ഇക്കാര്യത്തിൽ കേന്ദ്ര നിർദ്ദേശം പാലിക്കണം.