ലക്നൗ: ഉത്തർപ്രദേശിൽ ലോക ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് പശുവിന്റെ സംസ്കാര ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം നടന്നത്. സംഭവത്തെത്തുടർന്ന് കണ്ടാലറിയാവുന്ന 150 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഉത്തർ പ്രദേശിലെ അലിഗഡിൽ ഉള്ള ദിനേശ് ചന്ദ്ര ശർമ എന്ന വ്യക്തിയുടെ പശു കുറച്ചുകാലമായി അസുഖബാധിതയായിരുന്നു.
പശു ചത്തതറിഞ്ഞതിനെ തുടർന്ന് സ്ഥലവാസികൾ കൂട്ടമായി ഇവിടേക്ക് എത്തുകയും വലിയ രീതിയിലുള്ള സംസ്കാര ചടങ്ങുകൾ നടത്തുകയുമായിരുന്നു. എന്നാൽ പശുവിനെ സംസ്കരിച്ചതല്ലാതെ മറ്റുള്ള കാര്യങ്ങൾ ഒന്നും തങ്ങൾ ചെയ്തിട്ടില്ലെന്നും നിയമപരമായുള്ള കാര്യങ്ങൾ നേരിടാൻ തയ്യാറാണെന്നും പശുവിന്റെ ഉടമസ്ഥനായ ദിനേശ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.