ഇസ്ലാമബാദ്: പാക് അധീന കാശ്മീരിൽ ഡാം നിർമ്മിക്കുന്നതിനു വേണ്ടിയുള്ള പാകിസ്ഥാന്റെ ശ്രമത്തെ ഇന്ത്യ എതിർത്തിരുന്നു. എന്നാലിപ്പോൾ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് ഡാം നിർമ്മാണത്തിന് പാകിസ്ഥാൻ തുടക്കമിടുകയാണ്. നിർമ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി ഇമ്രാൻഖാൻ നിർവഹിച്ചു. ഡാം നിർമ്മാണത്തിന് ചൈനയുടെ സഹായവുമുണ്ട്. ഡയമർ ഖാൻ എന്ന പേരിലാണ് ഡാം നിർമ്മിക്കുന്നത്.
പാകിസ്ഥാൻ നിർമ്മിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ ഡാമായിരിക്കും ഇതെന്ന് ഗിൽഗിത് ബൾടിസ്താനിലെ ചിലാസിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. 4500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് ഈ ഡാം നിർമ്മാണത്തിലൂടെ പാകിസ്ഥാൻ ലക്ഷ്യം വെക്കുന്നത്. ഡാം നിർമ്മാണത്തിന് 70 ശതമാനം മുതൽ മുടക്കുന്നത് ചൈന പവർ എന്ന ചൈനീസ് ഗവൺമെന്റ് കമ്പനിയാണ്.