തിരുവനന്തപുരം : പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായിട്ടുണ്ടെങ്കിലും അപകടനില നില തരണം ചെയ്തിട്ടില്ല. അടുത്ത അഞ്ച് മണിക്കൂർ നിർണായകമാണെന്നും തലച്ചോറിന്റെ പ്രവർത്തനം സാധാരണഗതിയിൽ ആയിട്ടില്ലെന്നും മന്ത്രി വിഎൻ വാസവൻ മാധ്യമങ്ങളെ അറിയിച്ചു.
വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. വാവ സുരേഷിന്റെ ആരോഗ്യനിലയെ കുറിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് സംസാരിച്ച വീണ ജോർജ്ജ് എല്ലാവിധ വിദഗ്ധ ചികിത്സയും ലഭ്യമാക്കണമെന്ന് നിർദേശം നൽകി.
തിങ്കളാഴ്ച വൈകിട്ടോടെയാണ് വാവ സുരേഷിന് പാമ്പുകടിയേൽക്കുന്നത്. പാമ്പിനെ പിടിച്ച് ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ വാവ സുരേഷിന്റെ കാൽമുട്ടിന് മുകളിലായി പാമ്പ് കടിക്കുകയായിരുന്നു. കുറിച്ചി പാട്ടശ്ശേരിയിലെ വീടിന് സമീപം മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ വിവരം അറിയിച്ചത്. എന്നാൽ ആശുപത്രിയിലായിരുന്ന വാവ സുരേഷ് തിങ്കളാഴ്ചയാണ് സ്ഥലത്തെത്തിയത്. കടിയേറ്റ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.