പത്തനംതിട്ട : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാല് വയസുകാരിയായ പെൺകുട്ടിയുടെ പിതാവിന് മദ്യം നൽകി മയക്കിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസിൽ രാമകണ്ണൻ,കണ്ണൻ ദാസൻ, ജയകൃഷ്ണൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചിട്ട ദിവസങ്ങളിൽ വീട്ടിൽ തന്നെയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്.
വയറുവേദനയെ തുടർന്ന് റാന്നിയിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടാനെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിന്റെ സഹായത്തോടെ പെൺകുട്ടിയിൽ നിന്നും കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പിതാവിന് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം കൂടുതൽ പേർ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.