കോവിഡ് ബാധിതനായ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവ് മരിച്ചതറിയാതെ പിതാവിനായി എത്തിച്ചുകൊണ്ടിരുന്ന ഭക്ഷണവും വസ്ത്രവും ലഭിച്ചുകൊണ്ടിരുന്നത് മറ്റൊരു രോഗിക്ക്. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റ് 26നു പിതാവായ സുലൈമാനെയും കൊണ്ട് മകൻ നൗഷാദ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. 15 ദിവസം കഴിഞ്ഞപ്പോൾ സുലൈമാന് കോവിഡ് പോസിറ്റീവ് ആയി. തുടർന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി എന്ന് അധികൃതർ നൗഷാദിനെ അറിയിച്ചു. പിറ്റേന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയ നൗഷാദിനോട് സുലൈമാനെ എസ് എൻ കോളേജിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി എന്നും അറിയിച്ചു. തുടർന്ന് നൗഷാദ് കോവിഡ് കേന്ദ്രത്തിലെത്തി സുലൈമാന്റെ ഫോൺ അവിടെ ഏല്പിച്ചു. എന്നാൽ ഫോൺ വിളിച്ചിട്ട് കിട്ടാതായതോടെ നൗഷാദ് വീണ്ടും പോയി അന്വേഷിച്ചപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി എന്ന് വിവരം ലഭിച്ചു.
ജില്ലാ ആശുപത്രിയിലെത്തിയപ്പോൾ അവിടെനിന്നു തിരിച്ചു പാരിപ്പള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് പറഞ്ഞു. പിതാവിന് വേണ്ട വസ്ത്രങ്ങളും ഭക്ഷണവുമായി പാരിപ്പള്ളി എത്തിയ നൗഷാദ് സാധനങ്ങൾ നഴ്സിനെ ഏല്പിച്ചു. അതിനു ശേഷം കാര്യങ്ങൾഹോസ്പിറ്റലിലേക്ക് ഫോണിൽ വിളിച്ചു തിരക്കി കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ കോവിഡ് നെഗറ്റീവ് ആയെന്നും വാർഡിലേക്ക് മാറ്റിയെന്നും ഹോസ്പിറ്റലിൽ നിന്നും അറിയിച്ചു. വാർഡിലേക്ക് മാറ്റിയ പിതാവിനെ കണ്ടപ്പോഴാണ് ആളുമാറിയതായി മനസിലായത്. സുലൈമാൻ എന്ന് പേരുള്ള ശാസ്താംകോട്ട സ്വദേശിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. തുടർന്ന് നൗഷാദ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 13നാണു സുലൈമാൻ മരിക്കുന്നത്.
സുലൈമാന്റെ വിവരങ്ങൾ അറിയിക്കാൻ ഫോൺ നമ്പർ നൽകിയിരുന്നെങ്കിലും ആരും അറിയിച്ചില്ല എന്ന് നൗഷാദ് പറഞ്ഞു. എന്നാൽ നന്നേ അവശനായ സുലൈമാനെ കോവിഡ് കേന്ദ്രത്തിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ വേണ്ടി ഫോണിൽ മകനെ ബന്ധപ്പെട്ടിരുന്നു പേക്ഷെ കിട്ടിയില്ല എന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. പാരിപ്പള്ളിയിലേക്ക് മാറ്റിയ സുലൈമാനെ അവിടെ ഐ സി യു ഒഴിവില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അഡ്മിറ്റ് ചെയുന്ന സമയത്ത് ലഭിച്ച അഡ്രസ്സിൽ ചില പിശകുകൾ ഉണ്ടായതു കൊണ്ടാണ് ബന്ധപ്പെടാൻ സാധിക്കാത്തത് എന്ന് അധികൃതർ അറിയിച്ചു.