പീഡനാരോപണ വിധേയനായ മലയാളി റാപ്പർ എന്നറിയപ്പെടുന്ന വേടന്റെ ക്ഷമാപണ പോസ്റ്റിന് പിന്തുണ നൽകിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ചലച്ചിത്രതാരം പാർവ്വതി തിരുവോത്ത് രംഗത്ത്. തന്റെ ഭാഗത്ത്നിന്നുണ്ടായ പ്രവർത്തി മൂലം ബുദ്ധിമുട്ട് തോന്നിയവരോട് താരം മാപ്പപേക്ഷയും നടത്തി.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മാപ്പപേക്ഷ നടത്തിയത്. വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺ ദാസിനെതിരെ ലൈംഗീക ആരോപണം ഉയരുകയും പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഹിരൺ തനിക്കെതിരെ ഉയർന്ന ആരോപണം സത്യമാണെന്നും കുറ്റബോധം ഉണ്ടെന്നും വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. ഹിരണിന്റെ കുറിപ്പിന് പാർവതി ലൈക് അടിച്ച് പിന്തുണ നൽകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റാണെന്നും താൻ അങ്ങനെ ചെയ്യാൻ പറ്റില്ലായിരുന്നെന്നും ക്ഷമ ചോദിക്കുന്നെന്നും പറഞ്ഞ് പാർവ്വതി രംഗത്തെത്തിയത്.
സാധാരണ ഇത്തരം സംഭവങ്ങളിൽ പുരുഷന്മാർ തെറ്റ് ചെയ്തെന്ന് അംഗീകരിക്കാറില്ലെന്നും. എന്നാൽ വേടൻ തന്റെ തെറ്റ് അംഗീകരിച്ചെന്നും ആ ചിന്തയിലാണ് വേടന് പിന്തുണ നൽകിയതെന്നും പാർവ്വതി പറയുന്നു. അതേസമയം സംഭവത്തിൽ കേസുമായി മുന്നോട്ട് പോകുമ്പോൾ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടതുണ്ട് എന്ന് തനിക്ക് അറിയാമെന്നും എന്നാലും വേടന്റെ ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് അതിജീവിച്ച ചിലയാളുകൾ പറഞ്ഞതായി അറിഞ്ഞെന്നും അതിനാൽ തന്നെ താൻ നൽകിയ ലൈകും പിന്തുണയും പിൻവലിക്കുന്നതായും പാർവ്വതി പറഞ്ഞു.