ഇടുക്കി : കുത്തുങ്കലിൽ പുഴയിൽ നിന്ന് യുവതിയുടേത് ഉൾപ്പെടെ മൂന്ന് പേരുടെ മൃദദേഹങ്ങൾ കണ്ടെത്തി. മൂന്ന് ദിവസം മുൻപ് കാണാതായ അന്യസംസ്ഥാന തൊഴിലാളികളുടെ മൃദദേഹങ്ങളാണ് കണ്ടെത്തിയത്. കുത്തുങ്കൽ പവർ ഹൗസിന് സമീപത്ത് നിന്ന് കണ്ടെത്തിയ മൃദദേഹം തൊഴിൽ സ്ഥലത്ത് നിന്ന് കാണാതായ മധ്യപ്രദേശ് സ്വദേശികളായ റോഷ്ന,അജയ്,ദുലീപ് എന്നിവരുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മൂന്ന് ദിവസം മുൻപാണ് മൂന്ന് പേരെയും ജോലി സ്ഥലത്ത് നിന്ന് കാണാതായത്. തൊഴിലാളികളെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഇവരെ പോലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് മൃദദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് കുത്തുങ്കൽ പവർ ഹൗസിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിനടുത്ത് നിന്നാണ് മൃദദേഹം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് മൃദദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
ഞായറാഴ്ച അവധിയായതിനാൽ മൂന്ന് പേരും ജോലിക്ക് പോയിരുന്നില്ല. വൈകിട്ടോടെ കുളിക്കാൻ പുഴയിലേക്ക് പോകുകയും ഒഴുക്കിൽ പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. കൂത്തുങ്കലിൽ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. പ്രദേശത്തുള്ള കൃഷിയിടങ്ങളിൽ ജോലിചെയ്ത് വരികയായിരുന്നു മൂന്ന് പേരും.