പുൽവാമ ഭീകരാക്രമണത്തിന് സ്ഫോടക വസ്തുക്കൾ നിർമ്മിച്ച ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ

ഡൽഹി: ജമ്മുകാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിനു ഉപയോഗിച്ച കാറിന്റെയും സ്ഫോടക വസ്തുക്കൾ നിർമ്മിച്ച ഭീകരതയുടെയും ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ. 2019 ഫെബ്രുവരി 14 നാണ് പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരർ ആക്രമണം നടത്തിയത്. അക്രമത്തിന് ഉപയോഗിച്ച് കാറിന്റെയും സ്ഫോടകവസ്തുക്കൾ നിർമ്മിച്ച ഭീകരരുടെയും ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ന് ജമ്മുകാശ്മീർ കോടതിയിൽ ഹാജരാക്കിയ 13,500 പേജുകളുള്ള കുറ്റപത്രത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ള തെളിവുകളിലാണ് ഈ ചിത്രങ്ങളും ചൂണ്ടിക്കാട്ടുന്നത്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറും സഹോദരൻ റൗഫ് അഹ്സറുമാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ. സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ നാൽപതോളം സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിക്കുകയും ചെയ്തു. കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തപോരയിലാണ് ഭീകരാക്രമണം നടന്നത്. ആക്രമണം നടത്തിയതിനു പിന്നിൽ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആയിരുന്നു.

ജമ്മു കാശ്മീരിൽ നിന്നും ശ്രീനഗറിലേക്ക് 2547 ജവാന്മാർ 78 വാഹനങ്ങളിലായി പോകുമ്പോഴായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം വരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഓടിച്ചു കയറ്റുകയായിരുന്നു ജയ്ഷെ മുഹമ്മദ് ഭീകരരുടെ ചാവേർ. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകരുകയും നാല്പതോളം ജവാന്മാർ വീരമൃത്യു വരിക്കുകയും ചെയ്തു. ജെയ്ഷെ മുഹമ്മദിന്റെ ചാവേറായ ആദിൽ അഹമ്മദ് ദർ ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് നിമിഷങ്ങൾക്ക് മുമ്പ് ജയ്ഷെ മുഹമ്മദ് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങളും പിന്നീട് ഭീകരസംഘടന പുറത്തുവിട്ടിരുന്നു.