വിതുര : പെട്രോൾ പമ്പിലെ ജോലി ഉപയോഗിച്ച് ഭാര്യയും ഭർത്താവും ചേർന്ന് ഒരുവർഷം കൊണ്ട് തട്ടിയെടുത്തത് പതിനെട്ട് ലക്ഷം രൂപ. വിതുര ഫ്യുവൽസിൽ അകൗണ്ടന്റായി ജോലി ചെയ്തിരുന്ന നീനു രാജ് (25) ഭർത്താവ് രാഹുൽ (31) എന്നിവരാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ രണ്ടാം പ്രതി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.
അകൗണ്ടന്റായ നീനു രാജ് അകൗണ്ടിലും,രജിസ്റ്ററിലും,അകൗണ്ടിങ് സോഫ്ട്വെയറിലും തിരിമറി നടത്തിയാണ് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തത്. നീനു രാജിന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്ന ഭർത്താവ് രാഹുൽ തിരിമറിക്ക് കൂട്ട് നിൽക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പമ്പുടമ ഓഡിറ്റ് നടത്തിയതോടെയാണ് പതിനെട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ നീനുവും,രാഹുലും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് കേസ് ആയതോടെ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഇരുവരും മുങ്ങുകയായിരുന്നു. ഇതിനിടയിലാണ് രാഹുൽ പോലീസ് പിടിയിലായത്.