മലപ്പുറം : മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ട് പോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറുപത്തിയേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ സ്വദേശി ഹനീഫയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയുടെ വീട്ടുകാരുമായി ഹനീഫയ്ക്ക് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം മുതലെടുത്താണ് പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പെരുന്നാളിനുള്ള വസ്ത്രങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് പോയ പ്രതി. തിരൂരിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടെ രക്തസ്രാവമുണ്ടായതോടെ പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് അയക്കുകയായിരുന്നു
വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യം അന്വേഷിച്ചെങ്കിലും പെൺകുട്ടി കാര്യങ്ങൾ തുറന്ന് പറയാൻ തയ്യാറായില്ല. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.