ഗോവ : പനാജിക്ക് സമീപം പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ സീരിയൽ നടി ഉൾപ്പടെ മൂന്ന് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. സങ്കോൽഡ ഗ്രാമത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് റെയിഡ് നടത്തുകയായിരുന്നു. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരനായ ഹൈദരാബാദ് സ്വദേശിയേയും പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ സ്വദേശിയായ സീരിയൽ നടിയെ തടവിൽ പാർപ്പിച്ചാണ് സംഘം പെൺവാണിഭത്തിനായി ഉപയോഗിച്ചതെന്നാണ് വിവരം. പെൺവാണിഭ സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപെട്ട മറ്റ് രണ്ട് യുവതികൾ ഹൈദരാബാദ് സ്വദേശികളാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. 30,37 വയസ് പ്രായമുള്ള യുവതികളെയാണ് ക്രൈംബ്രാഞ്ച് സംഘം രക്ഷപ്പെടുത്തിയത്.
ഇടപാടുകാരനെന്ന വ്യാജേന പെൺവാണിഭ സംഘവുമായി ഫോണിൽ ബന്ധപ്പെട്ട പോലീസ് അൻപതിനായിരം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും തുടർന്ന് പെൺവാണിഭ കേന്ദ്രത്തിന് സമീപത്ത് എത്തുകയുമായിരുന്നു മൂന്ന് യുവതികളുമായി പണം വാങ്ങാനെത്തിയപ്പോഴാണ് നടത്തിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്.