കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുന്നതിനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിലെ കോഴിക്കോട് ബാങ്കിൽനിന്ന് അടക്കം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ബാങ്കിൽ നിന്നും 177 കോടി രൂപ പിൻവലിച്ചതായി ബിജെപി നേതാവ് എം ടി രമേശ്. ഈ തുക ഉപയോഗിച്ചുകൊണ്ടാണ് രാജ്യത്തൊട്ടാകെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കേരളത്തിലടക്കം നടക്കുന്ന പ്രക്ഷോഭപരിപാടികൾ ഇന്ത്യാ വിരുദ്ധ കലാപം ആണെന്നും ഇത് കേരളത്തിലെ ഇസ്ലാമിക സമൂഹം മനസ്സിലാക്കണമെന്നും എംടി രമേശ് പറഞ്ഞു. നിയമത്തിന്റെ പേരുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നതെന്നും, രാഷ്ട്രീയപരമായ നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് കോൺഗ്രസ്സും സിപിഎമ്മും മുസ്ലിം സമൂഹത്തെ രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനും രമേശ് ചെന്നിത്തലയും പോപ്പുലർ ഫ്രണ്ടിന്റെ മെഗാ ഫോണുകളായി മാറിയെന്നും ഇത്തരം സംഘടനകളുടെ കയ്യിലെ കളിപ്പാവയായി ഭരണപക്ഷവും പ്രതിപക്ഷവും മാറരുതെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.