പോയത് സ്വന്തം ചിലവിൽ സര്‍ക്കാരിന് ഒരു നഷ്ടവും ഇതുമൂലം ഉണ്ടായിട്ടില്ല ; വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി സ്മിത മേനോൻ

അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ (ഐഒആര്‍എ) പരിപാടിയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര മന്ത്രി മുരളീധരന്റെ ഒപ്പം വേദി പങ്കിട്ടതിൽ ചട്ട ലംഘനം ഉണ്ടെന്നു ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. യോഗത്തിൽ പ്രതിനിധി അല്ലാത്ത സ്മിത മേനോൻ എങ്ങനെ പങ്കെടുത്തു എന്ന് പരിശോധിക്കണമെന്നും സലിം മടവൂർ പരാതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടു ചെയ്യാന്‍ അവസരം കിട്ടുമല്ലോ എന്ന് കരുതിയാണ് സ്വന്തം ചിലവിൽ ടിക്കറ്റെടുത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയത് എന്നാണ് സ്മിത മേനോൻ പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടോ എന്ന് മന്ത്രി ഉറപ്പു വരുത്തിയതിനു ശേഷമാണു പരിപാടിയിൽ പങ്കെടുക്കാൻ പോയത്. അത് ഇവിടെയുള്ള ഒട്ടുമിക്ക മാധ്യമ പ്രവർത്തകർക്കും അറിയാം.

ഗള്‍ഫ് ന്യൂസ്, റോയിട്ടേഴ്‌സ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും അവിടെ ഉണ്ടായിരുന്നു കൂടാതെ കേരളത്തിലെ പ്രമുഖ ചാനൽ റിപ്പോർട്ടർമാരും പരിപാടി കവർ ചെയ്യാൻ എത്തിയിരുന്നു. സഹോദരനും ഭാര്യയും ദുബായിലുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ അവര്‍ക്കൊപ്പമാണ് താമസിച്ചത്. സര്‍ക്കാരിന് ഒരു ചെലവും ഇതുമൂലം ഉണ്ടായിട്ടില്ല. എന്നാൽ തന്നെയും കുടുംബത്തെയും എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്നതിന്റെ പരമാവധിയാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രമന്ത്രിക്കൊപ്പമുള്ള കുടുംബാംഗത്തിന്റെ ഫോട്ടോ മോശം കമന്റുകൾ ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് സ്മിത മേനോൻ വ്യക്തമാക്കി. പണ്ടു മുതല്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ചിലര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത്. കുടുംങ്ങങ്ങളുടെ ചിത്രങ്ങൾ ഇങ്ങനെ മോശമായി ചിത്രികരിക്കുന്നത് ഏറെ വിഷമം ഉണ്ടാക്കുന്നുണ്ട്. ഫോട്ടോകളില്‍ ഒപ്പം നില്‍ക്കുന്നവരുടെ ചിത്രങ്ങള്‍ വെട്ടിക്കളഞ്ഞ ശേഷമാണ് ഇത് ചെയ്യുന്നത്. തൊഴിലാണ് ചെയ്തത് എന്ന ബോധ്യമുണ്ടെന്നും സ്മിത പറഞ്ഞു.