പ്രണവിനെ കൊലപ്പെടുത്തിയത് കാമുകിയുടെ ഫോണിൽ ചാറ്റ് ചെയ്ത് ബീച്ചിലേക്ക് വിളിച്ച് വരുത്തിയ ശേഷം ; പ്രതികൾ അറസ്റ്റിൽ

കാമുകിയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ അടിച്ചുകൊന്ന കേസിൽ മൂന്നു പേർ പോലീസ് പിടിയിലായി. കൊച്ചി വൈപ്പിനില്‍ ചെറായി കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവിനെ (23) അടിച്ചുകൊന്ന കേസിലാണ് ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവർ പിടിയിലായത്. ശരത്തിന്റെ കാമുകിയെ ചൊല്ലിയുള്ള തർക്കം നേരത്തെ നിലനിന്നിരുന്നു. പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്‌തതിന്‌ ശേഷം പ്രണവിനെ കാമുകിയുടെ ഫോണിൽ നിന്നും ചാറ്റ് ചെയ്ത് ബീച്ചിലേക്ക് വിളിച്ചു വരുത്തി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പള്ളത്താംകുളങ്ങര ബീച്ചിലേക്ക് കയറുന്ന ഭാഗത്തുള്ള പോക്കറ്റ് റോഡിലാണു മൃതദേഹം കണ്ടത്. കൈക്കു അടിയേറ്റും മുഖത്തു നിന്നു രക്തം വാര്‍ന്നൊഴുകിയ നിലയിലും ആയിരുന്നു മൃതദേഹം കണ്ടത്. സംഘം ചേർന്ന് പ്രണവിനെ മർദിച്ച പ്രതികൾ പ്രണവ് അടിയേറ്റു നിലത്തു വീണപ്പോൾ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. രാവിലെ മത്സ്യബന്ധനത്തിന് പോയ മൽസ്യത്തൊഴിലാളികൾ ആണ് മൃതദേഹം കണ്ടത്. മൽസ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എസ് ഐ വി.കെ.സുധീറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രണവിനെ തിരിച്ചറിഞ്ഞത്.

കൊല്ലപ്പെട്ട പ്രണവും പ്രതികളും നിരവധി കേസുകളിൽ പ്രതികളാണ് ഇവർക്ക് ലഹരി ഉപയോഗവും വില്പന നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നും ഒരാളെ ഇനിയും പിടികൂടാൻ ഉണ്ടെന്നും അതിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും റൂറൽ എസ് പി കാർത്തിക് അറിയിച്ചു. മൃതദേഹം ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.