കേന്ദ്ര സർക്കാരിന്റെ ജനതാ കർഫ്യൂവിനു പൂർണ്ണ പിന്തുണയേകികൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു ഇന്ന് പുതിയതായി 12 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ സ്ഥിതി ഗതികൾ ഗൗരവമാണെന്നും കേന്ദ്ര സർക്കാരിന്റെ ജനതാ കർഫ്യൂവിൽ സംസ്ഥാനം പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തു ഞായറാഴ്ച ബസ് സർവീസ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കാസർഗോഡ് ആറ് പേർക്കും എറണാകുളത്ത് അഞ്ചു പേർക്കും പാലക്കാട് ഒരാൾക്കും വൈറസ് സ്ഥിതീകരിച്ചു. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ ഓഫിസുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്നും കടകൾ രാവിലെ പതിനൊന്നു മണിമുതൽ അഞ്ച് മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൂടാതെ സ്കൂൾ അദ്ധ്യാപകർ നാളെ മുതൽ സ്കൂളിൽ വരേണ്ടെന്നും എല്ലാവരും ഈ അവസരത്തിൽ ജാഗ്രത പുലർത്തണമെന്നും വൈറസിന്റെ വ്യാപനം കൂടി വരികയാണെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമായാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഓഫിസുകൾ ആഴ്ചയിൽ അഞ്ചു ദിവസം മാത്രം പ്രവർത്തിക്കണമെന്നും ശനി ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും ആരാധനാലയങ്ങളും പൊതുഗതാഗതങ്ങളും നിശ്ചലമാകുമെന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുമെന്നും ഞായറാഴ്ച എല്ലാവരും വീടുകളും പരിസരങ്ങളും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.