ഡൽഹി: മാട്രിമോണിയൽ വെബ്സൈറ്റുകളിൽ വിവാഹ പരസ്യം നൽകുകയും തുടർന്ന് പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്യുന്ന യുവാവ് പോലീസ് പിടിയിൽ. വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയുമാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചിത് ചൗള എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ തലവനാണെന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ മാട്രിമോണിയൽ വെബ്സൈറ്റ് വഴി സ്ത്രീകളെ പരിചയപ്പെടുന്നത്.
ഇത്തരത്തിൽ നിരവധി സ്ത്രീകളെ ഇയാൾ കബളിപ്പിച്ചതായും പറയുന്നു. തുടർന്ന് ഒരു സ്ത്രീ അശോക് വിഹാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ തട്ടിപ്പ് പുറംലോകമറിയുന്നതും പിടിയിലാകുന്നതും. പോലീസ് അന്വേഷണത്തിനൊടുവിൽ ഇയാൾ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനല്ലെന്നും ഈ പേരിൽ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും മനസിലാക്കുകയായിരുന്നു. തട്ടിപ്പിനിരയായതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ സ്ത്രീയുമായി 2018 ഡിസംബറിലാണ് ഇയാൾ പരിചയത്തിലാകുന്നത്. സൗഹൃദം നടിച്ച് സ്ത്രീയുമായി അടുക്കുകയും ഫോണിൽ സംസാരിക്കുകയും പലപ്പോഴായി പണം കടം ആവശ്യപ്പെട്ടിരുന്നതായും സ്ത്രീ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സൗഹൃദം നടിച്ച് ഇയാൾ പല ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിക്കൊണ്ട് 2019 ഡിസംബർ വരെയുള്ള കാലയളവിൽ ഇയാൾ 17 ലക്ഷം രൂപ തട്ടിയെടുത്തു. വിവാഹത്തിന് നിർബന്ധിച്ചപ്പോൾ ഒഴിഞ്ഞു മാറിയതായും പരാതിയിൽ പറയുന്നു. സമാനമായ രീതിയിലുള്ള മറ്റു നാലു കേസിലും ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തി. ഇത്തരത്തിൽ നേരത്തെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ സെക്യൂരിറ്റി ചീഫ് ആണെന്ന് പറഞ്ഞുകൊണ്ട് ഒരു ഡോക്ടറിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്നും രണ്ടു മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, കാർ, ആധാർ കാർഡ് തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.