ഡൽഹി: പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാൻ ഭാരത്തിലെ നിലവിലുള്ള ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇത് സംബന്ധിച്ചുള്ള കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞിരിക്കുന്നു. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. രണ്ടുവർഷത്തെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ നേട്ടം കൈവരിക്കാൻ സാധിച്ചു. ആയതിനാൽ എല്ലാ ഗുണഭോക്താക്കളെയും അവരുടെ കുടുംബത്തെയും ഞാൻ അഭിനന്ദിക്കുന്നു. അവരുടെ നല്ല ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ പങ്കുവച്ചത്.
ആയുഷ്മാൻ ഭാരതിന്റെ പ്രയോജനങ്ങൾ പങ്കുവെച്ച ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തെവിടെയും ഈ പദ്ധതിയുടെ പ്രയോജനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥലത്ത് മാത്രമല്ലാതെ ഇന്ത്യയിലെവിടെയും തങ്ങൾക്ക് വേണ്ട രീതിയിലുള്ള ആരോഗ്യ സഹായം ലഭിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് സമ്പൂർണ്ണ ആരോഗ്യ സുരക്ഷയാണ്. ഈ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയോളം ചികിത്സാ സഹായം ലഭിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ആരോഗ്യമേഖലയിലും അത്തരത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കിയത്.