പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീലങ്കൻ പ്രസിഡന്റ് രാജപക്‌സെയുടെ അവസ്ഥ വരുമെന്ന് ഇദ്രിസ് അലി

കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശ്രീലങ്കൻ പ്രസിഡന്റ്റ് ഗോട്ടബയ രാജപക്സയുടെ അവസ്ഥ വരുമെന്ന് തൃണമൂൽ കോൺഗ്രസ്സ് എംഎൽഎ ഇദ്രിസ് അലി. ശ്രീലങ്കയിലെ പ്രതിസന്ധികൾക്ക് പിന്നാലെ ജനങ്ങൾ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ഛ് കയറിയിരുന്നു. എന്നാൽ രാജപക്സെ അതിന് മുൻപ് രാജ്യം വിട്ടിരുന്നു.

കൊൽക്കത്തയിൽ പുതുതായി നിർമിച്ച സീൽദാ മെട്രോ സ്റ്റേഷന്റെ ഉദ്‌ഘാടനത്തിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തത് വിവാദമായതിന് പിന്നാലെയാണ് ഇദ്രിസ് അലി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. ഈ മാസം പതിനൊന്നിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി മെട്രോ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തത് അനീതിയാണെന്നും ഇദ്രിസ് അലി പറഞ്ഞു.

കൊൽക്കത്തയിൽ അമിത്ഷാ പങ്കെടുത്ത മറ്റൊരു പരിപാടിയിലും തൃണമൂൽ കോൺഗ്രസിന് പ്രാതിനിധ്യം നൽകിയിരുന്നില്ല. ഇത് രണ്ടാം തവണയാണ് തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും കേന്ദ്രസർക്കാർ ചടങ്ങിൽ നിന്നും മാറ്റി നിർത്തുന്നത്. കേന്ദ്രസർക്കാർ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും തൃണമൂൽ കോൺഗ്രസ്സ് ആരോപിച്ചു. അതേസമയം ഈ രീതിക്ക് തുടക്കമിട്ടത് തൃണമൂൽ കോൺഗ്രസ് ആണെന്നും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്ന് ബിജെപി എംഎൽഎ മാരെയും എംപി മാരെയും ക്ഷണിക്കാറില്ലെന്നും ബിജെപി പ്രതികരിച്ചു.