കോഴിക്കോട് : പ്രമുഖ മലയാളം വാർത്താ ചാനലായ മീഡിയ വൺ ടിവിയുടെ സംപ്രേക്ഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചാനലിന്റെ സംപ്രേക്ഷണം കേന്ദ്രസർക്കാർ താൽക്കാലികമായി തടഞ്ഞത്. മീഡിയ വൺ ടിവിയുടെ എഡിറ്റർ പ്രമോദ് രാമനാണ് ഇക്കാര്യം ചാനലിന്റെ ഔദ്യോഗിക പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ചാനലിന്റെ സംപ്രേക്ഷണം നിർത്തുന്നതായും നിയമ നടപടികൾക്ക് ശേഷം ചാനൽ തിരിച്ച് വരുമെന്ന കുറിപ്പും ചാനലിന്റെ ഔദ്യോഗിക ഹാൻഡിലുകളിൽ പ്രസൂതികരിച്ചിട്ടുണ്ട്.
ഡൽഹിയിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയതിനെ തുടർന്ന് 2020 ൽ മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്രസർക്കാർ തടയുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംപ്രേക്ഷണം തടഞ്ഞിരിക്കുന്നതെന്നാണ് വിവരം.
അതേസമയം ചാനലിന്റെ സംപ്രേക്ഷണം തടയാനുണ്ടായ കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ലെന്നും വിശദാംശങ്ങൾ നൽകാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്നും പ്രമോദ് രാമൻ പറയുന്നു. വാർത്ത വിതരണ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ നിയമ നടപടികൾ ആരംഭിച്ചതായും പ്രമോദ് രാമൻ വ്യക്തമാക്കി.