തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കണമെന്നും വിദേശ രാജ്യത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി സർക്കാർ വേണ്ടവിധത്തിലുള്ള കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് വെച്ച് കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകണം. ഗൾഫിൽ കുടുങ്ങിയ മലയാളികളെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള കാര്യത്തിൽ കേന്ദ്ര സംസ്ഥാന – ഗവൺമെന്റ് പൂർണ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ കെഎംസിസി നടത്തിയ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് വളരെയധികം ഗുണം ചെയ്തെന്നും സംഘടനയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി എല്ലാവരും പ്രോട്ടോകോൾ അനുസരിക്കണമെന്നും കൂടാതെ പല സ്ഥലങ്ങളിലും കോൺഗ്രസിനേയും യുഡിഎഫിനെയും പ്രതിഷേധ സമരങ്ങളും മറ്റും നടക്കുന്നുണ്ടെന്നും പ്രോട്ടോകോൾ പ്രവർത്തകർ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരോട് ഈ വേളയിൽ പ്രോട്ടോകോൾ അനുസരിക്കാൻ ആവശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.