പത്തനംതിട്ട : വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലത്തൂർ നിരത്തുപാറ സ്വദേശി രഞ്ജിത്ത് (22) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ എറണാകുളത്ത് ഒളിവിൽ കഴിയവെയാണ് അറസ്റ്റ് ചെയ്തത്.
2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത നേരം നോക്കി എത്തിയിരുന്ന പ്രതി നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. പീഡന വിവരം പുറത്ത് പറയാതിരിക്കാൻ വിവാഹം കഴിക്കാമെന്ന് വാക്ക് കൊടുക്കുകയായിരുന്നു.
പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതോടെ പ്രതി മുങ്ങുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ കോഴഞ്ചേരിയിലുള്ള മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും വനിതാ പോലീസിന്റെ നേതൃത്വത്തിൽ പെൺകുട്ടിയിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.ഇതിനിടയിൽ പ്രതി എറണാകുളത്തുള്ളതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളത്തെത്തിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.