പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ പ്രലോഭനം നടത്തി വീട്ടിൽ നിന്നും വിളിച്ചിറക്കിയ യുവാവ് പിടിയിലായി

പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ചാറ്റിങ്ങിലൂടെ വശത്താക്കി രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയ സംഭവത്തിൽ പടംപറമ്പ് പറവക്കൽ ചക്കുംകുന്നൻ മുസ്തഫ (21) യെ കുളത്തൂർ സി ഐ പി എം ഷമീറിന്റെ നേതൃത്വത്തിൽ പിടികൂടി. പോസ്കോ നിയമപ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ ഫോണിലൂടെ ഇൻസ്റാഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി ഇയാൾ പരിചയത്തിലാകുന്നത്. ആഴചകളോളം ഇരുവരും ചാറ്റിംഗ് നടത്തിയ ശേഷം യുവാവ് പെൺകുട്ടിയോട് വീട്ടിന്റെ പുറത്ത് വരാൻ രാത്രിയിൽ ആവശ്യപ്പെടുകയായിരുന്നു.

വീട്ടിൽ വിരുന്നിനായി വന്നിരുന്നു സമപ്രായമുള്ള മറ്റൊരു കുട്ടിയ്‌ക്കൊപ്പമാണ് പെൺകുട്ടി പുറത്ത് പോയത്. രാത്രിയിൽ എഴുനേറ്റ പിതാവ് കുട്ടികളെ നോക്കിയിട്ട് കാണാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കണ്ടെത്തിയത്. എന്നാൽ കുട്ടികളെ അന്വേഷിച്ചു രക്ഷിതാക്കൾ എത്തിയ കാര്യം അറിഞ്ഞതോടെ മുസ്തഫ സ്ഥലം വിടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മുസ്തഫയെ പിടികൂടുകയായിരുന്നു. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.