പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് ചിത്രം വരപ്പിച്ചതിന് കേസ് എടുത്ത പോലീസ് എന്ത് കൊണ്ട് പുരുഷന്മാരുടെ ശരീരത്തിൽ ചിത്രം വരയ്ക്കുമ്പോൾ കേസ് എടുക്കുന്നില്ലെന്ന് ജോമോൾ

സ്ത്രീയ്ക്കും പുരുഷനും രണ്ട് നിയമാണോ എന്ന് ചോദിച്ചു രഹന ഫാത്തിമ വിഷയത്തിൽ പ്രതികരണവുമായി എഴുതുകാരിയും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ്. ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് ചിത്രം വരപ്പിച്ചതിന് കേസ് എടുത്ത പോലീസ് എന്ത് കൊണ്ട് പുരുഷന്മാരുടെ ശരീരത്തിൽ ചിത്രം വരയ്ക്കുമ്പോൾ കേസ് എടുക്കുന്നില്ലെന്ന് ജോമോൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിക്കുന്നു.

ഇന്ത്യൻ പീനൽകോഡ് ആണിനും പെണ്ണിനും വേറെവേറെയല്ല. രഹനയെന്ന അമ്മയുടെ അർദ്ധനഗ്ന ശരീരത്തിൽ, പന്ത്രണ്ട് വയസ്സുള്ള മകൻ ഫീനിക്സ് പക്ഷിയെ വരച്ചതിന് രഹനക്കെതിരെ സൈബർഡോം ഇടപെട്ട് പോക്സോ വകുപ്പുകൾ ചുമത്തി എഫ്ഐആറിട്ട് രഹനയെ അറസ്റ്റ് ചെയ്ത് പന്ത്രണ്ട് ദിവസം ജയിലിലടച്ചു.

ഈ കാണുന്ന വാർത്തയിൽ സ്വന്തം അച്ഛന്റെ അർദ്ധനഗ്ന ശരീരത്തിൽ, പതിനഞ്ച് വയസ്സുള്ള മകൾ പുലികളിക്കായി ചിത്രരചന നടത്തിയതും, രഹനക്ക് ബാധകമായ അതേ ഐപിസി നിയമപ്രകാരം പോക്സോ വകുപ്പ് ചുമത്താൻ സാധുതയുള്ള കേസാണ്.

മാത്രമല്ല, രഹനയുടെ ശീരത്തിലെ ചിത്രരചന ഷൂട്ട് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ് എങ്കിൽ, അതേ ഐടി ആക്ട് പ്രകാരം, ഈ രംഗം ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലും, മുഖ്യധാരാ മാധ്യമങ്ങളിലും പ്രദർശിപ്പിച്ചതും കുറ്റകരമാണ്.

രഹനയുടെ അർദ്ധനഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകൻ ചിത്രം വരച്ചത്, ചൈൽഡ് അബ്യൂസ് ആണ് എങ്കിൽ, ഈ അച്ഛന്റെ അർദ്ധനഗ്ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകൾ ചിത്രം വരച്ചതും ചൈൽഡ് അബ്യൂസ് തന്നെയാണ്.

രഹനയുടെ ശരീരത്തിൽ മകൻ നടത്തിയ ചിത്രരചന, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗീക സംതൃപ്തിക്കായി ഉപയോഗിക്കലാണ് എങ്കിൽ, ഈ ചിത്രത്തിൽ കാണുന്ന അച്ഛനും തന്റെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗീക സംതൃപ്തിക്കായി ഉപയോഗിക്കുക തന്നെയാണ്.

പെണ്ണിന്റെ അർദ്ധ നഗ്ന ശരീരവും, മുലകളും, മുലക്കണ്ണുകളും ലൈംഗീക അവയവങ്ങളാണ് എങ്കിൽ, ആണിന്റെ അർദ്ധ നഗ്ന ശരീരവും, മുലകളും, മുലക്കണ്ണുകളും ലൈംഗീകാവയവങ്ങൾ തന്നെയാണ്.

Also Read  ജയ് ശ്രീറാം ബാനർ ; നാല് ബിജെപി പ്രവത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

രഹനയുടെ അർദ്ധനഗ്ന ശരീരത്തിൽ, പ്രായപൂർത്തിയാകാത്ത മകൻ ചിത്രം വരച്ചത് ആ കുട്ടിക്ക് മെന്റൽ ട്രോമക്ക് കാരണമാകുമെങ്കിൽ, ഈ അച്ഛന്റെ അർദ്ധനഗ്നശരീരത്തിൽ ചിത്രം വരച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും അതേ ട്രോമ ബാധകമാണ്.

ഇന്ത്യൻ പീനൽകോഡ് ഫോർ വിമൻ, ഇന്ത്യൻ പീനൽകോഡ് ഫോർ മെൻ എന്നിങ്ങനെ രണ്ട് പീനൽകോഡുകൾ ഈ രാജ്യത്തില്ലാത്തിടത്തോളം, ഒരൊറ്റ പീനൽ കോഡ് മാത്രം ആണിനും പെണ്ണിനും മറ്റ് ഇതര ജെന്ററുകൾക്കും ഉള്ളിടത്തോളം കാലം, ആണിന് ഒരു നീതിയും പെണ്ണിന് മറ്റൊരു നീതിയും എന്ന പോലീസ്, പ്രോസിക്യൂഷൻ, കോടതി നിലപാടുകളെ അംഗീകരിക്കാനാകില്ല.

ഈ സംഭവത്തിൽ, ഈ പിതാവിനെതിരെ കേരളാ പോലീസിൽ പരാതി നൽകാനായി പോകുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷനെയും, സൈബർഡോമിനേയും പരാതിയുമായി സമീപിക്കും. ബാലാവകാശ കമ്മീഷനും, സൈബർ ഡോമും സ്വമേധയാ കേസെടുക്കാൻ തയ്യാരാകണം. പോലീസ്, സൈബർഡോം, ബാലാവകാശ കമ്മീഷൻ എന്നിവർ കേസെടുക്കാൻ തയ്യാറാകുന്നില്ല എങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കും. കേരള ഹൈക്കോടതി ഈ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിനും, ബാലാവകാശ കമ്മീഷനും, സൈബർഡോമിനും നിർദ്ദേശം നൽകാൻ തയ്യാറാകും എന്നാണ് പ്രതീക്ഷ.

ഇങ്ങനെ നിർദ്ദേശം നൽകാൻ ബഹുമാനപ്പെട്ട ഹൈക്കോടതി തയ്യാറാകുന്നില്ല എങ്കിൽ, രഹനയുടെ പേരിലെടുത്ത കേസിന് എന്ത് പ്രസക്തി? ആ കേസ് എഴുതിതള്ളാനും, അകാരണമായി ജയിൽവാസം അനുഭവിച്ച രഹനക്ക് നഷ്ടപരിഹാരം നൽകാനും, അമ്മയെ വേട്ടയാടി, രഹനയുടെ പ്രായപൂർത്തിയാകാത്ത മക്കളെ ട്രോമയിലേക്ക് തള്ളിയിട്ട കേരളപോലീസിനെതിരെയും, സൈബർഡോമിനെതിരെയും നടപടി സ്വീകരിക്കാനും ബഹുമാനപ്പെട്ട കോടതിയും, സ്റ്റേറ്റും തയ്യാറാകണം.

ഈ നാട്ടിൽ നിലനിൽക്കുന്ന കടുത്ത ലിംഗവിവേചനത്തിനെതിരെ, സ്ത്രീകൾ നേരിടുന്ന ഡിസ്ക്രിമിനേഷനെതിരെ, ഡിസ്ക്രിമിനേഷൻ സ്ത്രീകളിലേക്ക് അടിച്ചേൽപ്പിക്കുന്ന പോലീസ്, പ്രോസിക്യൂഷൻ, കോടതി, സ്റ്റേറ്റ് എന്നിവയുൾപ്പെട്ട സിസ്റ്റത്തെ തിരുത്തിക്കാനായി പോരാടാനാണ് തീരുമാനം.