പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ കസ്റ്റഡിയിൽ

കണ്ണനല്ലൂർ: പൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കസ്റ്റഡിയിലെടുത്ത റിമാൻഡ് ചെയ്തു. പള്ളിമൺ സ്വദേശിയായ ഷെരീഫ് (38), കുട്ടിക്കാവ് സ്വദേശിനിയായ മുനീബ (33) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിനാലാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഷരീഫിന്റെ പേരിൽ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ കഴിഞ്ഞ 19 മുതലാണ് കാണാതായത്.

തുടർന്ന് ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ആയിരുന്നു. യുവാവിന്റെ ഭാര്യയും സമാനമായ രീതിയിൽ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. യുവാവിനും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണിന്റെ വിശദാംശങ്ങൾ വെച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. കണ്ണനല്ലൂർ എസ് എച്ച് ഒ യുപി വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുരേന്ദ്രൻ, എ എസ് ഐ ജോസ് ബെൻ, സിപിഒ സൂര്യപ്രഭ, ഷമീർ ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.