തൃശൂർ : പ്രായപൂർത്തിയാകാത്ത സീരിയൽ താരത്തിന്റെ ചിത്രങ്ങൾ അശ്ലീലചുവയോടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അൽ അമീനാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിലൂടെ സീരിയൽ താരങ്ങളുടെ ചിത്രങ്ങൾ അശ്ലീലചുവയിൽ പ്രചരിപ്പിക്കുകയാണ് ഇയാളുടെ സ്ഥിരംപരിപാടിയെന്ന് പോലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത സീരിയൽ താരത്തിന്റെ ചിത്രം ഉപയോഗിച്ച് അശ്ലീല പ്രചാരണം നടത്തിയത് ശ്രദ്ധയിൽപെട്ട ബാലാവകാശ കമ്മീഷൻ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു.
രണ്ട് വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ സീരിയൽ താരങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല പ്രചാരണം നടത്തിവരികയാണ്. വ്യാജ ഫേസ്ബുക്ക് അകൗണ്ടാണ് ഇയാൾ ഇതിനായി ഉപയോഗിച്ചിരുന്നത്. പോലീസ് പിടിക്കാതിരിക്കാൻ മറ്റൊരാളുടെ അഡ്രസ്സ് ഉപയോഗിച്ച് എടുത്ത സിം കാർഡാണ് ഇയാൾ ഉപയോഗിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.