മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയൻകുന്നൻ ഹാജിയുടെ ജീവചരിത്രം സിനിമയാക്കാൻ പോകുന്നുവെന്നുള്ള സംവിധായകൻ ആഷിക് അബുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വാരിയൻകുന്നൻ കുഞ്ഞമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന പേരിൽ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ അലി അക്ബർ. സിനിമയ്ക്കായി അലി അക്ബർ ക്രൗഡ് ഫണ്ട് നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനോട് അലി അക്ബർ ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ അപേക്ഷയാണ്.
എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ആ പണം എനിക്ക് തിരികെ തരണം. ഇപ്പോൾ ജനങ്ങൾ സിനിമ പിടിക്കുന്നതിനായി അയയ്ക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുന്നുവെന്നാണ് അലി അക്ബർ ആരോപിക്കുന്നത്. പ്രിയപ്പെട്ട മുഖ്യമന്ത്രി എന്റെ പണം എനിക്ക് തിരികെ നൽകണം. അങ്ങയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരോട് അങ്ങ് ചോദിക്കണം. ഇത് എനിക്ക് തന്നത് ആണോ അതോ അലിഅക്ബർ കൊടുത്തതാണോ എന്നുള്ള കാര്യം ചോദിക്കണം. എനിക്ക് തന്നതാണെന്ന് പറയുന്നവരുടെ പണം തിരികെ നൽകണം. എന്റെ ഒരു അപേക്ഷയാണെന്നായിരുന്നു അലി അക്ബർ തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. നിരവധി ആളുകൾ അയച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോയെന്ന് പറഞ്ഞുകൊണ്ടാണ് അലി അക്ബർ രംഗത്ത് എത്തിയിരിക്കുന്നത്.
അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിരവധിയാളുകൾ ഇക്കാര്യം അറിയിച്ചു കൊണ്ട് കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. സിനിമ നിർമ്മിക്കുന്നതിനു വേണ്ടി പണം ആവശ്യപ്പെട്ടു തന്റെ ബാങ്ക് അക്കൗണ്ട് നമ്പരും വിവരങ്ങളും നൽകിക്കൊണ്ടുള്ള ഒരു കാർഡ് ഫേസ്ബുക്ക് പേജിലൂടെ ഇറക്കിയിരുന്നു. എന്നാൽ ഇതിനെ എഡിറ്റ് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ പങ്കുവെച്ചുകൊണ്ട് ചിലർ പ്രചരണം നടത്തിയിരുന്നു. എന്നാൽ നിരവധി ആളുകൾ ഇതിലേക്ക് പണം അയച്ചുവെന്നാണ് അലി അക്ബർ വാദിക്കുന്നത്. രണ്ടുദിവസം കൊണ്ട് ക്രൗഡ് ഫണ്ടിലൂടെ സിനിമ നിർമാണത്തിനായി 16 ലക്ഷം രൂപയോളം ലഭിച്ചതായും അലി അക്ബർ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.