പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന പേരിൽ കർണാടകത്തിൽ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1800 ഓളം മലയാളികൾക്ക് നോട്ടീസയച്ചു കർണാടക പോലീസ്. ഇവർ മംഗലാപുരം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കർണാടകയിലെ മംഗലാപുരത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നിരുന്നു. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മംഗലാപുരത്ത് നടന്ന പ്രക്ഷോഭങ്ങളും അക്രമങ്ങളും ദേശീയതലത്തിൽ വരെ ചർച്ചാവിഷയമായിരുന്നു. ഡിസംബർ 19 നാണ് മംഗലാപുരത്ത് ഇത്തരത്തിലൊരു ആക്രമണമുണ്ടായത്. അന്നേദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ച ശേഷമാണ് കർണാടക പൊലീസ് ഇത്രയും മലയാളികൾക്ക് നോട്ടീസ് അയച്ചത്. മംഗലാപുരം സിറ്റി ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണറുടെ പേര് വെച്ച് കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവർ എത്രയും പെട്ടെന്ന് ഹാജരായില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.