സോഷ്യൽ മീഡിയയിൽ താൻ പറഞ്ഞ കാര്യങ്ങൾ വൈറലാവുകയും പിന്നീട് അത് പരസ്യമായി കാണാൻ ഭാഗ്യം ലഭിച്ച കൊച്ചു കലാകാരനാണ് മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിക്കാരൻ മുഹമ്മദ് ഫയാസ്. നാലാം ക്ലാസുകാരനായ ഫയാസ് പറഞ്ഞ കാര്യങ്ങളാണ് മിൽമ പരസ്യമായി അവതരിപ്പിച്ചിരിക്കുന്നത്.
ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ലാ പക്ഷേങ്കി ചായ എല്ലാർത്തും ശരിയാവും പാൽ മിൽമ ആണെങ്കിൽ എന്നാണ് ഫയാസിന്റെ വാക്കുകൾ കടമെടുത്ത് മിൽമ പുറത്തിറക്കിയിരിക്കുന്ന പുതിയ പരസ്യം. ഫയാസ് പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി മിൽമ പരസ്യമാക്കിയതോടെ ഫയാസിന് പ്രതിഫലം നൽകണമെന്ന കമെന്റുകളും നിറഞ്ഞു, വിമർശനങ്ങളും ആവിശ്യങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ മിൽമ അധികൃതർ ഫയാസിനെ നേരിൽ കണ്ട് സമ്മാനങ്ങളും പ്രതിഫലവും നൽകുകയായിരുന്നു.
ഫയാസിന്റെ വാക്കുകൾ മിൽമ ഏറ്റെടുത്തതോടെ ഇംഗ്ലീഷ് സാഹിത്യകാരൻ അനീസ് സലിം ഫയാസിനെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താൻ വർഷങ്ങൾക്ക് മുൻപ് മിൽമയ്ക്ക് വേണ്ടി എഴുതിയ മിൽമ കേരളം കണികണ്ടുണരുന്ന നന്മ എന്ന പരസ്യ വാചകം നിഷ്പ്രഭമാക്കിയെന്നും എന്നാലും സന്തോഷമെന്നാണ് അനീസ് സലിം കുറിച്ചത്.