തിരുവനന്തപുരം : യുവതിയുടെ ഫോട്ടോ നഗ്ന്ന ചിത്രങ്ങളാക്കി മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ സ്വദേശി രാഹുൽ (30), കല്ലിയോട് സ്വദേശി വെങ്കിടേഷ് (29) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.
പ്രതികൾക്ക് യുവതിയോട് മുൻവൈരാഗ്യമുള്ളതായി പോലീസ് പറയുന്നു. മുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയുടെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് നഗ്ന്ന ചിത്രങ്ങളാക്കി പ്രചരിപ്പിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ വെങ്കിടേഷ് തമിഴ് നാട്ടിൽ നിന്നും വ്യാജ വിലാസത്തിൽ സിം കാർഡ് എടുത്ത് രാഹുലിന് നൽകിയിരുന്നു. ഈ വ്യാജ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ വ്യാജ പേരിൽ അകൗണ്ട് ആരംഭിച്ചത്. ഇത് വഴിയാണ് യുവതിയുടെ നഗ്ന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
നഗ്ന്ന ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. വ്യക്തിവൈരാഗ്യമാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ കാരണമെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.