കോഴിക്കോട് : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ സൗഹൃദം നടിച്ച് ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി നഗ്ന്ന ദൃശ്യം പകർത്തി പണം തട്ടിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശിനി ഷബാന (21), സുഹൃത്ത് ഫൈജാസ് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാസർഗോഡ് സ്വദേശിയായ യുവാവിനെ ഷബാന കോഴിക്കോട് പന്തീരാങ്കാവ് ഇരിങ്ങല്ലൂരിലെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതനുസരിച്ച് ഷബാനയുടെ ഫ്ലാറ്റിലെത്തിയ യുവാവിനെ ഭർത്താവാണെന്ന് പറഞ്ഞ് പിന്നീട് കയറി വന്ന യുവാവ് മർദ്ധിക്കുകയും നഗ്നനാക്കി നിർത്തി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 8500 രൂപയും ഗൂഗിൾ പേ വഴി അകൗണ്ടിലുള്ള 1500 രൂപയും ഇരുവരും തട്ടിയെടുത്തതായി യുവാവ് പറയുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ ഷബാനയുടെ ഫ്ലാറ്റിലെത്തിയ പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു.