തൃശൂർ : ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ തൃശൂർ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയത്ത് സിന്ധുവാണ് (37) അറസ്റ്റിലായത്. യുവാവിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫേസ്‌ബുക്കിലൂടെ പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് സിന്ധു തട്ടിപ്പ് നടത്തിയത്. സൗഹൃദം പ്രണയമായി മാറിയതോടെ തുറന്ന് സംസാരിക്കണമെന്ന് ആവിശ്യപെട്ടാണ് സിന്ധു യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയത്.
അതേസമയം ഫ്ലാറ്റിലെത്തിയ യുവാവിനെ തഞ്ചത്തിൽ ബെഡ്‌റൂമിൽ എത്തിച്ച സിന്ധു കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവാവിനെ നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പണം തന്നില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നും പീഡിപ്പിച്ചെന്ന് പറയുമെന്നും പറഞ്ഞ് സിന്ധു യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയിൽ ഭയന്ന യുവാവ് പണവും ധരിച്ചിരുന്ന സ്വർണമാലയും മറ്റും ഊരി നൽകുകയായിരുന്നു.
ഈ സംഭവങ്ങൾക്ക് ശേഷം മറ്റൊരു ദിവസം ഊരി വാങ്ങിയ സ്വർണമാലയും മറ്റും തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ ലോഡ്ജിൽ വിളിച്ച് വരുത്തിയ ശേഷം നഗ്ന്നാക്കി നിർത്തുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കാനായി യുവാവിന്റെ കയ്യിൽ നിന്നും 175000 രൂപയോളം സിന്ധു തട്ടിയെടുത്തു. തുടർന്നും ഫോൺ വിളിച്ച് പത്ത് ലക്ഷം രൂപ നൽകണമെന്ന് ആവിശ്യപെട്ടതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ പണം നൽകാമെന്ന് പറഞ്ഞ് യുവാവിനെ കൊണ്ട് വിളിപ്പിച്ച ശേഷം തൃശൂരിലെത്തിയ സിന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊഡത്തിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.