മലപ്പുറം : നിലമ്പൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചു. പാത്തിപ്പാറ സ്വദേശി ഇർഷാദിന്റെ മകൾ ഫാത്തിമ ഐറിൻ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കുഞ്ഞിനെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും അരമണിക്കൂറിലധീകം നേരം കുഞ്ഞിനെ അന്വേഷിച്ചു. ഇതിനിടയിൽ ബക്കറ്റിൽ മുങ്ങി കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തീവ്രമായി പരിശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത വശാൽ വെള്ളം നിറച്ച ബക്കറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. കാണാതായ കുട്ടിയെ കണ്ടെത്താൻ വൈകിയതാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഐറിന്റെ പിതാവ് ഇർഷാദ് സൗദിയിൽ ജോലിചെയ്ത് വരികയാണ്. സംഭവം നടക്കുന്ന സമയത്ത് ഇർഷാദിന്റെ ഭാര്യയും മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. നിലമ്പൂർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃദദേഹം ആശുപത്രി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.