ബാംഗ്ലൂരിൽ അറസ്റ്റിലായ ലഹരിമരുന്ന് മാഫിയയ്ക്ക് കേരളത്തിലെ സ്വർണക്കടത്തുകാരുമായി ബന്ധം

ബാംഗ്ലൂർ: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനുപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ കെടി റമീസിന്റെ നമ്പരും കണ്ടെത്തി. കൂടാതെ കേരളരാഷ്ട്രീയത്തിലെ ഉന്നതരുമായുള്ള അടുത്ത ബന്ധവും കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെ യും അറസ്റ്റ് ചെയ്ത അതേ ദിവസം തന്നെ ഉന്നത രാഷ്ട്രീയക്കാരനെ മുഹമ്മദ് അനൂപ് ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ ടെലിവിഷൻ സീരിയൽ നടി അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപിനെയും ആർ രവീന്ദ്രനെയും കേന്ദ്ര ലഹരിവിരുദ്ധ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ സജീവമായിരുന്ന അനൂപ് പിന്നീട് ബാംഗ്ലൂരിലേക്ക് മാറുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലാകുമെന്ന് കണ്ടപ്പോൾ സ്വപ്ന സുരേഷും സന്ദീപും എന്തുകൊണ്ടാണ് ബാംഗ്ലൂർ ഒളിത്താവളമായി തിരഞ്ഞെടുത്തതെന്നുള്ള കാര്യത്തിലും കൂടുതൽ സംശയങ്ങൾ ഉയർന്നു വരികയാണ്. സിനിമാ മേഖലയിലുള്ളവർക്കാണ് പിടിയിലായ സംഘം ലഹരിമരുന്ന് എത്തിച്ചുകൊടുത്തിരുന്നതെന്നാണ് കണ്ടെത്തൽ.

Also Read  ടി പി സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; വ്യാജ സന്ദേശത്തിനെതിരെ പോലീസ് കേസെടുത്തു

ഓൺലൈൻ വഴിയും ഹോട്ടൽ കേന്ദ്രീകരിച്ചും ആയിരുന്നു ലഹരി ഇടപാടുകൾ നടത്തിവന്നിരുന്നത്. സ്കൂൾ കോളജ് വിദ്യാർഥികൾക്കും ഇവർ ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നതായും പറയുന്നു. സീരിയൽ മേഖലയിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന അനിഖ പിന്നീട് ലഹരിമരുന്ന് മാഫിയയുടെ മേഖലയിലേക്ക് കടന്നു എത്തുകയായിരുന്നു. വിദേശത്തുനിന്നും കൊറിയർ വഴിയാണ് ലഹരിമരുന്ന് എത്തിക്കുന്നത്. ദക്ഷിണെന്ത്യ കേന്ദ്രീകരിച്ചുകൊണ്ടുള്ള മയക്കുമരുന്ന് വിപണിയിലെ പ്രമുഖ കണ്ണികൂടിയായിരുന്നു പിടിയിലായ അനിക.