തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി സരിത്തിന്റെ അഭിഭാഷകൻ രംഗത്ത്. 25 കിലോ സ്വർണ്ണം ബാഗേജിൽ ഉണ്ടായിരുന്നുവെന്ന് സരിത് തന്നോട് പറഞ്ഞതായി അഭിഭാഷകൻ കൃഷ്ണൻ നായർ വെളിപ്പെടുത്തി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മറ്റനവധി ഉന്നതർക്കും ബന്ധമുള്ളതായും സരിത്ത് തന്നോട് പറഞ്ഞതായി അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ നാലിന് സരിത് തന്നെ കാണാൻ എത്തിയിരുന്നുവെന്നും അപ്പോൾ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ കുറിച്ച് തന്നോട് ഉന്നയിച്ചതായി അദ്ദേഹം പറയുന്നു.
25 കിലോ സ്വർണം ബാഗേജിലുള്ള കാര്യം തന്നോട് വെളിപ്പെടുത്തിയതായി അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കടത്തിന് പിന്നിൽ വലിയ വമ്പന്മാർ ഉള്ളതായി പറഞ്ഞു. തങ്ങളുടെ ഒരു ചരക്ക് വിമാനത്താവളത്തിൽ തടഞ്ഞു എന്നാണ് ആദ്യം തന്നോട് പറഞ്ഞതെന്നും പിന്നീട് കൂടുതൽ സംസാരിച്ചപ്പോളാണ് അതിൽ 25 കിലോ സ്വർണം ആണെന്നുള്ള കാര്യം വെളിപ്പെടുത്തിയതെന്നും പറയുന്നു. സ്വർണ്ണം പിടിക്കപ്പെട്ടതിനെ തുടർന്ന് ഇനി എന്ത് ചെയ്യുമെന്നുള്ള കാര്യം അറിയുന്നതിന് വേണ്ടിയാണ് സരിത് തന്നെ തേടിയെത്തിയതെന്നാണ് അഭിഭാഷകയുടെ വെളിപ്പെടുത്തൽ.
സരിത്തിത്തിനൊപ്പം തന്നെ കാണാൻ സ്വപ്നയുടെ രണ്ടാം ഭർത്താവ് ജയശങ്കറും വന്നിരുന്നുവെന്നും സ്വപ്ന ആകെ തളർന്ന നിലയിലാണെന്നും അറസ്റ്റ് ചെയ്യപ്പെട്ടാൽ തങ്ങളെ രക്ഷപ്പെടുത്തണമെന്നും ഒരു അച്ഛനെ പോലെ കരുതി താൻ അപേക്ഷിക്കുകയാണെന്നും സ്വപ്ന തന്നോട് പറഞ്ഞതായും പറയുന്നു. മുന്നോട്ട് എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും തന്നെ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടാണ് സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായിട്ടുള്ള വിവരം താൻ അറിയുന്നതെന്നും അഭിഭാഷകൻ പറയുന്നു.