തിരുവനന്തപുരം : ബാലുശ്ശേരി എംഎൽഎ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ഇരുകുടുംബങ്ങളും തമ്മിൽ വിവാഹം നിശ്ചയിച്ചതായും ഏപ്രിൽ മാസത്തിൽ വിവാഹം നടക്കുമെന്നും എംഎൽഎ സച്ചിൻദേവിന്റെ കുടുംബം വ്യക്തമാക്കി.
ബാലസംഘത്തിലും എസ്എഫ്ഐയിലും പ്രവർത്തിക്കുന്ന കാലംതൊട്ടുള്ള പ്രണയമാണ് വിവാഹത്തിലെത്തി നിൽക്കുന്നത്. ഇരുപത്തിയൊന്നാം വയസിൽ മേയർ സ്ഥാനത്തെത്തിയ ആര്യ രാജേന്ദ്രൻ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയർ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴായിരുന്നു സച്ചിൻദേവ് കോഴിക്കോട് ബാലുശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്.
നീണ്ട നാളത്തെ പ്രണയ സാക്ഷാത്കാരത്തിനുള്ള കാത്തിരിപ്പിലാണ് ആര്യയും,സച്ചിനും. ഒരുമിച്ച് പ്രവർത്തിച്ചിരുന്ന സമയത്താണ് കോഴിക്കോടുകാരനായ സച്ചിൻ ദേവും തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രനും പരിചയപ്പെടുന്നത്. തുടർന്ന് ആര്യ തന്റെ പ്രണയം സച്ചിൻ ദേവിനോട് തുറന്ന് പറയുകയായിരുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് വഴികളിലൂടെ സഞ്ചരിക്കുമ്പോഴും ഇരുവരും തങ്ങളുടെ പ്രണയത്തേയും കൂടെ കൂട്ടിയിരുന്നു.